നീലേശ്വരം: ദേശീയപാത 66ല്‍ നീലേശ്വരത്ത് ആകാശപാത നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ജീവന്മരണ ആവശ്യത്തിന് നേരെ കണ്ണടച്ചു നില്ക്കുന്ന ദേശീയ പാത അതോറിറ്റിയുടെ മെല്ലെപ്പോക്കിനെതിരെ ശക്തമായ താക്കീതായി നീലേശ്വരത്ത് പ്രതിഷേധ ജ്വാല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ട ഗൗരവം നല്കാന് അധികാരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനം നടത്തി.നീലേശ്വരത്തിന്റെ ഭാവി വികസന സ്വപ്നങ്ങള്‍ക്ക് പുതിയ വെളിച്ചം നല്‍കാനും, നഗരം രണ്ടായി വിഭജിക്കപ്പെടുന്നത് തടയാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ മുപ്പത്തഞ്ചോളം സമരഭടന്മാര് അണിനിരന്നു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം നഗരം ചുറ്റി സമരപ്പന്തലില്‍ അവസാനിച്ചു. കൈകളില്‍ പന്തമേന്തി, ആകാശപാതയ്ക്കായുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന പ്രകടനം നീലേശ്വരത്തെ ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ ചൂടും തീവ്രതയും വിളിച്ചോതുന്നതായിരുന്നു.
ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നീലേശ്വരം നഗരത്തിന്റെ വാണിജ്യ, സാമൂഹിക ബന്ധങ്ങള്‍ തടസ്സപ്പെടാതിരിക്കാനും ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെ സുഗമമായ യാത്ര ഉറപ്പാക്കാനും ആകാശപാത അനിവാര്യമാണെന്ന് ജനകീയ സമര സമിതി ആവര്‍ത്തിച്ചു വ്യക്തമാക്കി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഇനിയും അവഗണിക്കാനാണ് അധികാരികളുടെ തീരുമാനമെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. ജനകീയ സമര സമിതി നേതാക്കളും നാട്ടുകാരും പ്രകടനത്തിന് നേതൃത്വം നല്കി.




