
മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ക്യാച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ശ്രേയസ് അയ്യര്‍ പഞ്ചാബ് ആരാധകരെയും മുംബൈ ഇന്ത്യന്‍സ് ആരാധകരെയും ഒരു പോലെ ഞെട്ടിച്ചിരുന്നു.
മാര്‍കോ യാന്‍സന്‍ എറിഞ്ഞ 18-ാം ഓവറിലാണു സംഭവം. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സിക്‌സറടിച്ച് മികവിലേക്ക് ഉയര്‍ന്നു തുടങ്ങിയപ്പോഴായിരുന്നു അയ്യരുടെ തകര്‍പ്പന്‍ ക്യാച്ച്. ഉയര്‍ത്തിയടിച്ച പന്ത് ലോങ് ഓണിലൂടെ ഓടിയെത്തിയ അയ്യര്‍ അതിര്‍ത്തി കടക്കും മുമ്പ് പറന്ന് ഒറ്റക്കൈയിലാക്കി.
ബൗണ്ടറി ലൈന്‍ തൊടും മുമ്പ് പന്ത് സാവിയര്‍ ബാര്‍ട്ട്‌ലെറ്റിന് എറിഞ്ഞു കൊടുക്കാനുമായി. ഫലം സിക്‌സറിനു ശ്രമിച്ച പാണ്ഡ്യ അയ്യരുടെ മികവില്‍ ഔട്ട്. അയ്യര്‍ കൃത്യ സമയത്താണു പന്ത് എറിഞ്ഞു കൊടുത്തതെന്നു റീപ്ലേകളില്‍ വ്യക്‌തമായി. അയ്യരുടെ വായുവിലെ ''പറക്കല്‍'' വിശ്വസിക്കാനാകാതെ നിന്ന ശേഷമാണു പാണ്ഡ്യ മടങ്ങിയത്. മുംബൈ ഡഗ് ഔട്ടിന് സമീപത്തായിരുന്നു ശ്രേയസ് അയ്യരുടെ പ്രകടനം.






