
കോട്ടയം: ഐ.പി.എല്‍. ക്രിക്കറ്റ് ആവേശം കോട്ടയത്തേക്കും. ബി.സി.സി.ഐയുടെ ഫാന്‍ പാര്‍ക്കിന് മണര്‍കാട് സെന്റ് മേരീസ് ചര്‍ച്ച് ഗ്രൗണ്ട് ആതിഥ്യമരുളും.
ഇന്നും നാളെയുമായി അരങ്ങേറുന്ന കായിക മാമാങ്കത്തിലേക്ക് പ്രവേശനം സൗജന്യമാണ്. 5000 ആരാധകര്‍ക്ക് ഒരേ സമയം കൂറ്റന്‍ എല്‍.ഇ.ഡി. സ്‌ക്രീനുകളില്‍ തത്സമയം മത്സരങ്ങള്‍ ആസ്വദിക്കാം. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഫാന്‍ പാര്‍ക്കില്‍ സജ്‌ജീകരിച്ചു.
മത്സര പ്രദര്‍ശനത്തിനപ്പുറം കാര്‍ണിവല്‍ മൂഡാണ് ഫാന്‍ പാര്‍ക്കിന്. വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, സംഗീത വിരുന്നുകള്‍, കുട്ടികള്‍ക്കായുള്ള പ്ലേ സോണുകള്‍ എന്നിവയും ഫാന്‍ പാര്‍ക്കില്‍ കാണാം. ആരാധകര്‍ക്ക് കായിക മികവ് തെളിയിക്കാന്‍ വര്‍ച്വല്‍ ബാറ്റിങ് സോണുകളും ബൗളിംഗ് നെറ്റുകളും സജ്‌ജമാണ്. ഉച്ചയ്‌ക്ക് 2.30 മുതല്‍ ആരാധകര്‍ക്ക് പ്രവേശനം അനുവദിക്കും. പരിസ്‌ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി പൂര്‍ണമായും ഗ്രീന്‍ േ്രപാട്ടോക്കോള്‍ പാലിച്ചായിരിക്കും ഫാന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം. പരിസര മലിനീകരണം ഒഴിവാക്കാന്‍ പ്ലാസ്‌റ്റിക് കുപ്പികളിലെ കുടി വെള്ളത്തിന് കര്‍ശന നിയന്ത്രണമുണ്ട്.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഡല്‍ഹി ക്യാപിറ്റല്‍സിനെയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്‌ഥാന്‍ റോയല്‍സുമായും രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായും ഏറ്റുമുട്ടും.






