
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജാംഷഡ്‌പുര്‍ എഫ്.സിയെ നേരിടും. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മുതലാണു മത്സരം.
എട്ട് കളികളില്‍നിന്നു നാല് ജയവും മൂന്ന് സമനിലകളും ഉള്‍പ്പെടെ 15 പോയിന്റുള്ള ജാംഷഡ്‌പുര്‍ എഫ്.സി. അഞ്ചാം സ്‌ഥാനത്താണ്‌്. ഒന്‍പത് കളികളില്‍നിന്ന് അഞ്ച് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് 13-ാം സ്‌ഥാനത്താണ്. ഒരു ജയം മാത്രമാണ് അവര്‍ക്കു നേടാനായത്. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനോടു സമനില വഴങ്ങിയ ശേഷമാണു ബ്ലാസ്‌റ്റേഴ്‌സ് ജാംഷ്‌ഡപുരിനെ നേരിടുന്നത്‌്. മുംബൈ സിറ്റിക്കെതിരേ സമനില വഴങ്ങിയ ശേഷമാണു ജാംഷഡ്‌പുര്‍ താരങ്ങള്‍ കൊച്ചിയിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സും ജാംഷഡ്‌പുരും തമ്മില്‍ നടന്ന മത്സരങ്ങളെല്ലാം ആവേശകരമായിരുന്നു. ഇതുവരെ നടന്ന 19 മത്സരങ്ങളില്‍ ഒന്‍പതും സമനിലയില്‍ അവസാനിച്ചു.
ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്‌പുരും അഞ്ച് മത്സരങ്ങള്‍ വീതം ജയിച്ചു. 2017 നവംബറിലാണ് ഇരുവരും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ജാംഷഡ്‌പുര്‍ 2-1 നു ജയിച്ചു. തുടര്‍ന്നു നടന്ന മത്സരങ്ങള്‍ 2-2, 1-1, 2-2 എന്നിങ്ങനെ സ്‌കോറുകളില്‍ അവസാനിച്ചു. അവസാന ഏറ്റുമുട്ടലില്‍ ജംഷഡ്‌പുര്‍ 3-2 നു ജയിച്ചു. മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബര്‍തലോമി ഒഗ്‌ബാചെ സെല്‍ഫ് ഗോളടിച്ചിരുന്നു. 2021 ലാണു ബ്ലാസ്‌റ്റേഴ്‌്സ് ജംഷ്‌ഡപുരിനെതിരേ ആദ്യ ജയം കുറിച്ചത്. ജോര്‍ദാന്‍ മുറെയുടെ ഇരട്ട ഗോളുകളും കോസ്‌റ്റയുടെ ഒരു ഗോളും വീണ മത്സരത്തില്‍ 3-2 നാണു ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. തുടര്‍ന്നു നടന്ന രണ്ട് മത്സരങ്ങളും സമനിലയായി.
ജംഷഡ്‌പുര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കു ജയിച്ചതോടെ സമനിലയക്ക് വിരാമമായി. 2022 മാര്‍ച്ചില്‍ നടന്ന സെമി ഫൈനലുകളിലാണ് ഇരുവരും തമ്മില്‍ മികച്ച പോരാട്ടമുണ്ടായത്. ഒന്നാം പാദത്തില്‍ സഹല്‍ അബ്‌ദുള്‍ സമദിന്റെ ഏക ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു. രണ്ടാംപാദം 1-1 നു സമനിലയായി. അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിനായും ഹാല്‍ദാര്‍ ജംഷഡ്‌പുരിനായും ഗോളടിച്ചു. 2-1 ന്റെ അഗ്രഗേറ്റ് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടന്നു. ആഷ്‌ലെ വെസ്‌റ്റ്വുഡ് കോച്ചായ ശേഷമുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാമത്തെ മത്സരമാണ് ഇന്നു നടക്കുക. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിപ്പിക്കാനുറച്ചാണു വെസ്‌റ്റ്വുഡ് തയാറെടുക്കുന്നത്. മികച്ച എതിരാളികളെയാണു നേരിടേണ്ടതെന്ന ബോധ്യത്തോടെയാണു തയാറെടുപ്പെന്നു ജംഷഡ്‌പുര്‍ കോച്ച് ഓവന്‍ കോയ്‌ല്‍ പറഞ്ഞു.






