
അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് അഞ്ച് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 180 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത ഗുജറാത്ത് അവസാന ഓവറിലാണു ലക്ഷ്യം കടന്നത്‌്. 55 പന്തില്‍ നാല് സിക്‌സറും ഏഴ് ഫോറുമടക്കം 79 റണ്ണെടുത്ത കാമറൂണ്‍ ഗ്രീനിന്റെ പ്രകടനമാണു കൊല്‍ക്കത്തയെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. 20 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 27 റണ്ണെടുത്ത റോവ്‌മന്‍ പവല്‍, 14 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 19, എട്ട് പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 17 റണ്ണെടുത്ത രമണ്‍ദീപ് സിങ് എന്നിവരും ഗ്രീനിനു തുണയായി. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ കൂടിയായ രഹാനെ (0) മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പുറത്തായി. വൈകാതെ അംഗ്രിഷ് രഘുവംശിയും (എട്ട്) പുറത്തായി. ഓപ്പണര്‍ ടിം സീഫര്‍ട്ടും ഗ്രീനും ചേര്‍ന്നതോടെയാണു ടീമിനു പ്രതീക്ഷയായത്. സീഫര്‍ട്ടിനെ കാഗിസോ റബാഡ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഗ്രീനും പവലും ചേര്‍ന്നും കൂട്ടുകെട്ടുണ്ടാക്കി. അനുകുല്‍ റോയ് (ഒന്‍പത്), റിങ്കു സിങ് (ഒന്ന്), സുനില്‍ നരേന്‍ (0), കാര്‍ത്തിക് ത്യാഗി (ആറ്) എന്നിവര്‍ നിരാശപ്പെടുത്തി. ഗ്രീനാണ് അവസാനമായി പുറത്തായത്.






