തിരുവനന്തപുരം: രാജ്യാന്തര തലത്തിലുള്ള പ്രവാസി മലയാളി ബാസ്കറ്റ്ബോള്‍ പ്രതിഭകളെ ഇന്ത്യയിലെ ആഭ്യന്തര കായിക മേഖലയുമായി കോര്‍ത്തിണക്കാന്‍ 'ദേശി ബോളേഴ്സ് കംബൈന്‍' എന്ന പേരില്‍ കേരള കംബൈന്‍ ട്രയല്‍സ് പ്രഖ്യാപിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അണ്ടര്‍-14, അണ്ടര്‍-19 വിഭാഗങ്ങള്‍ക്കായാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. അണ്ടര്‍ 14 വിഭാഗക്കാര്‍ 2012 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. അണ്ടര്‍-19 വിഭാഗക്കാര്‍ 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ മലയാളി വംശജരായിരിക്കണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് (എന്‍.ആര്.ഐ) മുന്‍ഗണന. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പ്രവാസി ട്രയല്‍സ് മേയ് 10-ന് മുമ്പും താരലേലം മേയ് 17നും നടക്കും. ജൂണ്‍ ഒന്നിനു ലീഗ് ആരംഭിക്കും.
ഗ്ലോബല്‍ ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി പ്രവാസി കുടുംബങ്ങള്‍ക്കായി പ്രത്യേക രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടിങ് ഫൈവ് വെബ്സൈറ്റ് വഴിയോ ഇന്‍സ്റ്റഗ്രാം പേജ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ട്രയല്‍സ് വേദികള്‍, യാത്രാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ +91 82898 07488 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.
ഇന്ത്യയിലെ വിവിധ ലീഗുകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഏകലവ്യാസ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തതാണ് പദ്ധതി. വരാനിരിക്കുന്ന 'ബാസ്്കറ്റ്ബോള്‍ ലീഗ് കേരള'(ബി.എല്‍.കെ)യിലേക്ക് പ്രവാസി മലയാളി താരങ്ങളെ എത്തിക്കാനുള്ള പാതയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. കേരള ബാസ്്കറ്റ്ബോള്‍ അസോസിയേഷന്, സ്റ്റാര്‍ട്ടിങ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ.ബി.സി. ബാസ്കറ്റ്ബോള്‍ ഡെവലപ്മെന്റ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.




