
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പിടിച്ചു നില്ക്കാന് പാടുപെടുന്ന നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍സിറ്റി പരിശീലകന് ക്ളോഡിയോ റെനിയേരിയെ പുറത്താക്കി. ക്ളബ്ബ് ചാമ്പ്യന്മാരായി ഒരു വര്‍ഷം തികയും മുമ്പാണ് പരിശീലകനെ പുറത്താക്കുന്നത്. അസിസ്റ്ററ്റ് കോച്ച് ആന്ദ്രേ അസാലിന്‍ ക്ളബ്ബിന്റെ താല്‍ക്കാലിക ചുമതലയേല്‍ക്കുമെന്ന് ക്ളബ്ബ് വ്യക്തമാക്കി.
ഈ മാസം ആദ്യം വരെ പരിശീലകന് പിന്തുണയുമായി ക്ളബ്ബിന്റെ തായ്ലന്റ് ഉടമ ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ സെവില്ലയോട് കൂടി പരാജയം അറിഞ്ഞതോടെ എല്ലാം അവസാനിച്ചു. അതേസമയം തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ ഗോളടിക്കാന്‍ കഴിയാതെ വലഞ്ഞ ലെസ്റ്റര്‍സിറ്റി സെവില്ലയ്ക്കെതിരേ നടന്ന മത്സരത്തില്‍ സ്കോര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീം ഈ സീസണില്‍ 17 ാം സ്ഥാനത്താണ്.
കഴിഞ്ഞ സീസണില്‍ കിരീടം നേടാന്‍ 5000 ല്‍ 1 സാധ്യത കല്‍പ്പിച്ചിരുന്ന ടീമുമായിട്ടാണ് റെനിയേരി ഉജ്വല കുതിപ്പ് നടത്തിയത്. എന്നാല്‍ ഈ സീസണില്‍ 13 കളികള്‍ കൂടി ബാക്കി നില്ക്കുമ്പോള് ഒരു മാറ്റം ആഗ്രഹിക്കുകയാണ് ലെസ്റ്റര്‍. കഴിഞ്ഞ ദിവസമാണ് ഇറ്റലിക്കാരനെ പുറത്താക്കുന്നതായി ടീം പ്രസ്താവന പുറത്തു വിട്ടത്. അതേസമയം ശൂന്യതയില്‍ നിന്നും പ്രീമിയര്‍ലീഗ് കിരീടത്തിലേക്ക് ഉയര്‍ന്ന ലെസ്റ്റര്‍സിറ്റിയുടെ എക്കാലത്തെയും ഏറ്റവും മികച്ച പരിശീലകന് എന്ന പേര് എഴുതിച്ചേര്‍ത്ത ശേഷമാണ് റെനിയേരി മടങ്ങുന്നത്.




