ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ആവേശ ഫിനിഷിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റി 2-1 ന് ആഴ്സണലിനെ തോല്‍പ്പിച്ചതോടെയാണു ലീഗ് ആവേശ ഫിനിഷിലേക്കായത്്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയെയും തോല്‍പ്പിച്ചു.
ചെല്‍സിയെ അവരുടെ തട്ടകമായ സ്ട്രാംഫോഡ് ബ്രിഡ്ജില്‍ ചെന്നാണു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്്. 43-ാം മിനിറ്റില്‍ ഗോളടിച്ച മാത്യു കുന്‍ഹയാണു വിജയ ശില്‍പ്പി. 33 കളികളില്‍നിന്ന് 58 പോയിന്റുള്ള യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. ചെല്‍സി 48 പോയിന്റുമായി ആറാം സ്ഥാനത്താണ്്. സ്വന്തം തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണു സിറ്റി ജയിച്ചത്. 33 കളികളില്‍നിന്ന് 70 പോയിന്റ് നേടിയ ആഴ്സണല്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. സിറ്റി 32 കളികളില്‍നിന്ന് 67 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം പുതിയ തലത്തിലേക്ക് മാറി. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ഏര്‍ലിംഗ് ഹാലണ്ട് നേടിയ ഗോളാണ് സിറ്റിയുടെ ജയം ഉറപ്പിച്ചത്. 16-ാം മിനിറ്റില്‍ റയാന് ചെര്‍ക്കിയിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 18-ാം മിനിറ്റില്‍ സിറ്റി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊന്നരുമ്മയുടെ പിഴവ് മുതലെടുത്ത് കായ് ഹാവ്ററ്റ്സ് ആഴ്സണലിനായി സമനില ഗോളടിച്ചു. 65-ാം മിനിറ്റിലാണു ഹാളണ്ടിന്റെ ഗോളെത്തിയത്. ഒന്നാമതുള്ള ആഴ്സണലിന് തോല്‍വി വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും അവര്‍ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നു. മൈക്കിള്‍ അര്‍ട്ടേറ്റയുടെ ശിഷ്യന്മാര് 22 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച സുവര്‍ണാവസരം ഹാവ്ററ്റ്സ് പാഴാക്കിയതും തിരിച്ചടിയായി.
ആസ്റ്റണ്‍ വില്ല 4-3 നു സണ്ടര്‍ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. വാറ്റ്കിന്‍സ് വില്ലയ്ക്കായി ഇരട്ട ഗോളുകളും റോജേഴ്സ്, ടാമി ഏബ്രഹാം എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. റിഗ്, ഹ്യൂം, ഇസിഡോര്‍ എന്നിവരാണു സണ്ടര്‍ലന്‍ഡിനായി ഗോളടിച്ചത്. 33 കളികളില്‍നിന്ന് 58 പോയിന്റുള്ള ആസ്റ്റണ്‍ വില്ല നാലാം സ്ഥാനത്താണ്. 46 പോയിന്റുള്ള സണ്ടര്‍ലന്‍ഡ് 11-ാം സ്ഥാനത്താണ്.




