
ചെന്നൈ: ഐപിഎല്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈയില്‍ എത്തിയ സഞ്ജു ടീമിന്റെ നായകനാകണമെന്ന ആവശ്യം ശക്തമാകുന്നു. ഐപിഎല്‍ 2026-ല്‍ നിലവിലെ നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് ആദ്യ ആറ് മത്സരങ്ങളില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം ഉയരുന്നത്. മുന്‍താരങ്ങള്‍ ഉള്‍പ്പെടെയാണ് ഈ ആവശ്യം ഉയര്‍ത്തുന്നത്.
2026 ഐപിഎല്ലിലെ ആദ്യ 6 മത്സരങ്ങളില്‍ രുതുരാജ് ഗെയ്ക്വാദിന്റെ സ്‌കോറുകള്‍: 6, 28, 7, 15, 7, 19 എന്നിങ്ങനെയാണ്. നായകസ്ഥാനം ഋതുരാജ് ഗെയ്ക്ക് വാദിന് നല്‍കുന്ന അമിതഭാരം താരത്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നതായും നായകന്റെ തൊപ്പി സഞ്ജുവിന് നല്‍കി ഗെയ്ക്ക്‌വാദിന് ഫോമിലേക്ക് തിരിച്ചെത്താനും ബാറ്റിംഗ് മെച്ചപ്പെടുത്താനും അവസരം നല്‍കാനുമാണ് ആവശ്യപ്പെടുന്നത്.
2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിശ്വസ്തനായ മുന്‍നിര ബാറ്ററാണ് രുതുരാജ് ഗെയ്ക്വാദ്. 2021-ല്‍ ഓറഞ്ച് ക്യാപ്പ് നേടിയ അദ്ദേഹം 2024-ലാണ് സിഎസ്‌കെയുടെ ക്യാപ്റ്റനായി നിയമിതനായത്. എന്നാല്‍ ക്യാപ്റ്റനായുള്ള മൂന്നാം സീസണ്‍ ഗെയ്ക്വാദിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഗെയ്ക്വാദിനൊപ്പം മറ്റൊരു സൂപ്പര്‍ താരമായ സഞ്ജു സാംസണ്‍ കൂടി ഓപ്പണറായി എത്തിയതോടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതായി മുന്‍ താരം സുബ്രഹ്മണ്യം ബദ്രിനാഥ് പറയുന്നു.
'രുതുരാജിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ആ ചുമതല സഞ്ജു സാംസണെ ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ചിന്തിക്കേണ്ടതുണ്ട്. ഗെയ്ക്വാദ് ഒരു മോശം ക്യാപ്റ്റനായതുകൊണ്ടല്ല ഇത് പറയുന്നത്, മറിച്ച് ക്യാപ്റ്റന്‍സിയുടെ ഭാരം അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ട്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്ന ഒരാള്‍ ആറ് മത്സരങ്ങളില്‍ പരാജയപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്,' ബദ്രിനാഥ് പറഞ്ഞു.
അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ എം.എസ്. ധോണിയുടെ അഭാവം സിഎസ്‌കെയെ വല്ലാതെ അലട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാല്‍ പേശികള്‍ക്കേറ്റ പരിക്ക് കാരണം ധോണിക്ക് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ധോണിയുടെ സാന്നിധ്യം ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായിക്കുമെന്നും ബദ്രിനാഥ് നിരീക്ഷിച്ചു.





