
ഹൈദരാബാദ്: വമ്പന്‍മാരുടെ വരവും പോക്കും ബാധിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കരുത്തായി മാറുകയാണെന്ന് ഓരോ മത്സരത്തിലും തെളിയിച്ചുകൊണ്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ്മ. 68 പന്തുകളില്‍ 134 റണ്‍സ് നേടിയ താരം അനേകം റെക്കോഡുകളാണ് തകര്‍ത്തത്. പത്തു ബൗണ്ടറികളും പത്തു സിക്‌സറും നേടിയായിരുന്നു താരം ഈ സ്‌കോറില്‍ എത്തിയത്.
ലോകകപ്പിലെയും ഐ.പി.എല്‍ സീസണിന്റെ തുടക്കത്തിലെയും മോശം ഫോം ചൂണ്ടിക്കാട്ടി താരത്തെ വെറും 'സ്ലോഗര്‍' എന്ന് വിളിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതായിരുന്നു അഭിഷേകിന്റെ കഴിഞ്ഞ മത്സരത്തിലെ താണ്ഡവം. കഴിഞ്ഞ മത്സരത്തില്‍ പുറത്താവാതെ നേടിയ 134 റണ്‍സ് ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി മാറി.
ഐപിഎല്ലില്‍ ഉയര്‍ന്ന വ്യക്തിഗതസ്‌കോറിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും അഭിഷേക് കുറിച്ചു. ഇന്നലെ താരം അടിച്ചുകൂട്ടിയ സ്‌കോര്‍ മുമ്പ് പഞ്ചാബിനെതിരേ നേടിയ സ്വന്തം സ്‌കോറായ 141 റണ്‍സിന് തൊട്ടുപിന്നിലെത്തി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ അഞ്ച് താരങ്ങളുടെ പട്ടികയില്‍ രണ്ട് തവണ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരവും അഭിഷേകാണ്.
ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം, ക്വിന്റണ്‍ ഡി കോക്ക് എന്നിവരാണ് ഈ എലൈറ്റ് ലിസ്റ്റിലെ മറ്റ് വിദേശ താരങ്ങള്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇനി ഈ യുവതാരം സ്വന്തമാക്കി. വെറും 184 ഇന്നിങ്സുകളില്‍ നിന്നായി 9 സെഞ്ച്വറികളാണ് അഭിഷേക് അടിച്ചുകൂട്ടിയത്. വിരാട്‌കോഹ്ലിക്ക് എട്ടു സെഞ്ച്വറികളും രോഹിത് ശര്‍മ്മയ്ക്ക് ഏഴു സെഞ്ച്വറികളുമുണ്ട്.






