
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെയുള്ള ഐക്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ശക്തമായ സന്ദേശമാണ് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ വർഷം ഇതേ ദിവസം പഹൽഗാമിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ ഓർക്കുന്നു. അവർ ഒരിക്കലും വിസ്മരിക്കപ്പെടില്ല. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകൾ എന്നും അദ്ദേഹം എക്സിലൂടെ പറയുന്നു.
ഒരു ജനത എന്ന നിലയിൽ നാം ദുഃഖത്തിലും പോരാട്ടവീര്യത്തിലും ഒരുമിച്ചു നിൽക്കുന്നു. ഇന്ത്യ ഒരിക്കലും ഒരു തരത്തിലുള്ള ഭീകരതയ്ക്കും മുന്നിൽ തലകുനിക്കില്ല. ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ല എന്നും മോദി തന്റെ പോസ്റ്റിലൂടെ പറയുന്നു.
അതേസമയം, ‘നീതി നടപ്പാക്കും’ എന്ന് ആവർത്തിച്ച് പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യവും രംഗത്തെത്തി. ഇന്ത്യക്കെതിരായ നീക്കങ്ങൾക്ക് ഉറപ്പായും മറുപടി നൽകും. നീതി നടപ്പാക്കപ്പെടും. എപ്പോഴും, എന്ന് സൈന്യം എക്സിൽ കുറിച്ചു.
‘ഓപ്പറേഷൻ മഹാദേവ്’ എന്ന ഗ്രാഫിക് പങ്കുവെച്ച സൈന്യം, ‘അതൊരു സമയത്തിന്റെ പ്രശ്നം മാത്രമായിരുന്നു’ എന്നും വ്യക്തമാക്കി. 300 ചതുരശ്ര കിലോമീറ്റർ ദുർഘടമായ ഭൂപ്രദേശത്ത് 93 പകലും രാത്രിയും നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ മൂന്ന് ഭീകരരെ വധിച്ചതായും സൈന്യം വെളിപ്പെടുത്തി. ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ആക്രമണത്തിൽ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതിൽ കൊച്ചി സ്വദേശിയായ രാമചന്ദ്രനും ഉൾപ്പെടുന്നു. ഭീകരർ ഇരകളെ മതത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച ശേഷം കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. ഇത് രാജ്യത്തുടനീളം വലിയ രോഷത്തിന് കാരണമായി.
ഇതിനെത്തുടർന്ന് 2025 മെയ് 7-ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു. അതിർത്തിക്കപ്പുറത്തെ ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അതിർത്തി കടന്ന് ലഷ്കർ-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന ഭീകര ലോഞ്ച് പാഡുകൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.






