
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. ജസ്റ്റീസ് സിഎന്‍ രാമചന്ദ്രന്‍നായര്‍ നേതൃത്വം നല്കുന്ന സമിതിയായിരിക്കും ജുഡീഷ്യല്‍ അന്വേഷണം നടത്തുക. മന്ത്രിസഭാ യോഗത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കാനും പരിക്കേറ്റവര്‍ക്ക് ആറുമാസത്തേക്ക് സൗജന്യചികിത്സയും രണ്ടുലക്ഷം രൂപ ചികിത്സാസഹായം നല്‍കാനും തീരുമാനം എടുത്തു. വെടിക്കെട്ട് അപകടത്തെ സവിശേഷദുരന്തമായി പ്രഖ്യാപിക്കുമെന്നും റവന്യൂമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമായിരിക്കും 10 ലക്ഷം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് നല്‍കുക. ബാക്കി നാലുലക്ഷം എസ്ഡിആര്എഫില് നിന്നും നല്‍കും. പരിക്കേറ്റവര്‍ക്ക് ആറു മാസത്തിലധികം ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ച് ചികിത്സ നടത്തും. അതേസമയം തൃശൂര്‍പൂരത്തില്‍ തീരുമാനം എടുത്തിട്ടില്ല. കേടുപാടുകള്‍ പറ്റിയ വസ്തുവകകള്‍ക്കും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കണക്കാക്കുന്ന നഷ്ടപരിഹാരം നല്‍കും. കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇത് നല്‍കുക.
അതേസമയം തൃശൂര്‍പൂരത്തില്‍ തീരുമാനം നാളെ നടക്കുന്ന യോഗത്തിലാകും എടുക്കുക. നാളെ തൃശൂര്‍ കളക്ട്രേറ്റില്‍ പാറമേല്‍ക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും മന്ത്രിമാരും ചേര്‍ന്ന് നടക്കുന്ന യോഗത്തില്‍ ദേവസ്വത്തിന്റെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചശേഷമായിരിക്കും തൃശൂര്‍പൂരത്തില്‍ തീരുമാനം എടുക്കുക. നാളെ 10.30 യ്ക്ക് നടക്കുന്ന യോഗത്തില്‍ ദേവസ്വങ്ങളുടെ അഭിപ്രായം ആരായും. കൊച്ചി ദേവസ്വം ബോര്‍ഡിനേയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളേയും സംബന്ധിച്ച് ഏറെ വെല്ലുവിളിയാണ് ഇന്നലെയുണ്ടായ ദുരന്തം ഉണ്ടാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ മികച്ച പൂരവും ആകര്‍ഷകമായ വെടിക്കെട്ടും കുടമാറ്റവും മേളവുമെല്ലാം സ്വപ്നം കണ്ടിരുന്ന പൂരപ്രേമികളെ നിരാശയിലാഴ്ത്തുന്നതാണ് ഇന്നലെ മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തം. സാമ്പിള്‍ വെടിക്കെട്ടിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇതിനായി തയ്യാറാക്കിയ പടക്കങ്ങള്‍ വെടിക്കെട്ട് പുരയില്‍ വെച്ചു തന്നെ കത്തിയമര്‍ന്ന് 13 ജീവനുകള്‍ പൊലിഞ്ഞത്.






