
മാഡ്രിഡ്: ക്ലബ് സീസണ്‍ അവസാനിക്കാറായ ഘട്ടത്തില്‍, പ്രിയപ്പെട്ട താരങ്ങള്‍ പരിക്കുകളില്ലാതെ പൂര്‍ണ്ണ കായികക്ഷമതയോടെ ലോകകപ്പിന് എത്തണേ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. എന്നാല്‍ ലോകകപ്പിന് ഇനി നാളുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്‌പെയിനേയും ലോകത്തെ മുഴുവന്‍ ആരാധകരെയും ആശങ്കയിലാഴ്ത്തി സ്പാനിഷ് ഹീറോയും ബാഴ്‌സിലോണയുടെ സൂപ്പര്‍താരവുമായ ലാമിനെ യമാലിന് പരിക്ക്.
ഇന്ന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ ഈ 18-കാരന് ഏപ്രില്‍ 22-ന് സെല്‍റ്റ വിഗോയ്ക്കെതിരെ നടന്ന മത്സരത്തിനിടയിലാണ് യമാലിന് പരിക്കേറ്റത്. മത്സരത്തിന്റെ 39-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ താരം അസ്വസ്ഥത പ്രകടിപ്പിക്കുകയും മെഡിക്കല്‍ സഹായം തേടുകയും ചെയ്തു. ഇടതുകാലിലെ ഹാംസ്ട്രിംഗിനാണ് പരിക്കേറ്റതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാഴ്‌സലോണ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയിട്ടില്ല. താരത്തിന്റെ കൃത്യമായ ആരോഗ്യനില അറിയാന്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു ചെറിയ പരിക്കാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ താരത്തിന് തിരിച്ചെത്താം. പരിക്കിന്റെ ആഴം അല്പം കൂടുതലാണെങ്കില്‍ നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവരും. ഇത് ബാഴ്‌സലോണയുടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയേക്കാം.
ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാവുന്ന ഈ സാഹചര്യത്തില്‍, ജൂണ്‍ 11-ന് ആരംഭിക്കുന്ന ലോകകപ്പില്‍ യമാലിന് കളിക്കാന്‍ സാധിക്കില്ല.
സ്‌പെയിന്‍ ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ലാമിന്‍ യമാലിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. നിലവില്‍ ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് സ്‌പെയിന്‍. പരിക്ക് ഗുരുതരമാണെങ്കില്‍, അത് സ്‌പെയിനിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. ഫുട്‌ബോള്‍ ലോകം യമാലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. ബ്രസീലിയന്‍ യുവതാരം എസ്‌തേവാവോയ്ക്കും സമാനമായ പരിക്ക് പറ്റിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് യമാലിന്റെ ഈ വാര്‍ത്തയും വരുന്നത്.





