കോഴിക്കോട്: എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് പന്തിരാങ്കാവ് ടോള്‍ പ്ലാസയ്‌ക്കു സമീപം വന്‍ മയക്കുമരുന്ന് കടത്ത് പിടികൂടി. യുവതിയടക്കം രണ്ടു പേര്‍ പിടിയില്‍. മലപ്പുറം കച്ചേരിക്കല്‍ സ്വദേശിയായ പി.കെ. ഷഫീഖ് (35), കോഴിക്കോട് കൈതപ്പൊയില്‍ ചെറുകാട്ടില്‍ സ്വദേശിനി ഫാത്തിമ നസ്‌റിന്‍ (20) എന്നിവരാണ് അറസ്‌റ്റിലായത്.
ഇന്നലെ ഉച്ചയ്‌ക്കുശേഷമാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവര്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്‌ത നീക്കത്തില്‍ 3.3 കിലോഗ്രാം മെത്താംഫിറ്റാമിനും 56 ഗ്രാം എം.ഡി.എം.എ. എക്‌സ്‌റ്റസി ഗുളികകളും പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിനു വിപണിയില്‍ 3.5 കോടി രൂപയിലധികം വില വരും.
രാജസ്‌ഥാനില്‍നിന്നു റോഡ് മാര്‍ഗം കാറില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് വാഹനത്തിന്റെ ബോണറ്റിനുള്ളില്‍ ഡാഷ്‌ബോര്‍ഡിനോടു ചേര്‍ന്ന രഹസ്യ അറയില്‍ അതിവിദഗ്‌ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഒന്‍പതു പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
ഷഫീഖ് മുമ്പ് എന്‍.ഡി.പി.എസ്. കേസുകളില്‍ പ്രതിയായിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ട്. മലപ്പുറം ചെമ്പ്ര പ്രദേശത്തേക്കാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. മംഗളൂരുവില്‍നിന്നുള്ള കുടുംബയാത്രയെന്ന വ്യാജേന, സംശയം ഒഴിവാക്കുന്നതിനാണ് ഫാത്തിമ നസ്‌റിനെ യാത്രക്കാരിയായി ഉള്‍പ്പെടുത്തിയത്.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് വിഭാഗത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വിശദമായ തുടരന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.






