
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളില്‍ അതീവ സുരക്ഷാ മേഖലയില്‍ ഹെലിക്കോപ്റ്റര്‍ താഴ്ന്നുപറന്ന സംഭവത്തില്‍ വിശദീകരണവുമായി കോസ്റ്റ് ഗാര്‍ഡ്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ദിശ തെറ്റിയാണ് വിമാനം ക്ഷേത്ര പരിസരത്തെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മുന്‍കൂട്ടി നിശ്ചയിച്ച ഏതെങ്കിലും ദൗത്യത്തിന്റെ ഭാഗമായല്ലെന്നും പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പകല്‍ 11 മണിയോടെയാണ് തീര്‍ത്ഥാടകരെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ ഈ സംഭവമുണ്ടായത്. സന്നിധാനത്തെ സ്വര്‍ണ്ണക്കൊടിമരത്തിന് തൊട്ടുമുകളിലൂടെ, അതായത് ഏകദേശം അഞ്ചടി മാത്രം ഉയരത്തിലാണ് ഹെലിക്കോപ്റ്റര്‍ പറന്നതെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള ശബരിമലയില്‍ ഇത്തരമൊരു വീഴ്ചയുണ്ടായതിനെ ഗൗരവമായാണ് പോലീസ് കാണുന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റര്‍ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് സ്പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ്. ശ്രീജിത്തിന് നിര്‍ദ്ദേശം നല്കി.
സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എഡിജിപിയുടെ നിര്‍ദേശം. സന്നിധാനത്തെ തൊഴിലാളികളും ജീവനക്കാരുമാണ് താഴ്ന്നുപറന്ന വിമാനത്തെക്കുറിച്ച് ആദ്യം വിവരമറിയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വ്യോമയാന വകുപ്പിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. മേഘങ്ങള്‍ കൂടിയപ്പോള്‍ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരിക്കുന്നു.






