
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ റയലിന് വലിയ നിരാശ സമ്മാനിച്ചുകൊണ്ട് അവസാനമിനിറ്റില്‍ സമനില പിടിച്ച് റീയല്‍ ബെറ്റിസ്. അഞ്ച് മത്സരങ്ങള്‍ മാത്രം സീസണില്‍ ബാക്കിനില്‍ക്കെ, ലാ ലിഗയില്‍ ഒന്നാമതുള്ള ബാഴ്സലോണയേക്കാള്‍ എട്ട് പോയിന്റ് പിന്നില്‍ മുന്‍ ചാംപ്യന്മാരായ റയല്‍. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ഗെറ്റാഫെയെ പരാജയപ്പെടുത്തിയാല്‍ ബാഴ്സലോണയ്ക്ക് തങ്ങളുടെ ലീഡ് 11 പോയിന്റായി ഉയര്‍ത്താം. ഇതോടെ ആല്‍വാരോ ആര്ബെലോവയുടെ ടീമിന് കിരീടം ചിലപ്പോള്‍ കിട്ടാക്കനിയായി മാറിയേക്കും.
സെവിയ്യയിലെ എസ്റ്റാഡിയോ ലാ കാര്ട്ടുജയില് നടന്ന മത്സരത്തിന്റെ 17-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ ആണ് ലീഡ് നേടിയിരുന്നു. എന്നാല്‍ കളിയുടെ അവസാന ഇഞ്ചുറിടൈമില്‍ ഹെക്ടര്‍ ബെല്ലാരിനിലൂടെ റയല്‍ ബെറ്റിസ് സമനില പിടിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതോടെ റയല്‍ ഈ സീസണില്‍ കിരീടങ്ങളൊന്നും ഇല്ലാതെ മടങ്ങുമെന്ന് ഏകദേശം ഉറപ്പായി. ഈ നൂറ്റാണ്ടില്‍ റയല്‍ മാഡ്രിഡ് കിരീടമില്ലാതെ സീസണ് അവസാനിപ്പിക്കുന്ന അഞ്ചാമത്തെ തവണയാണിത്.
ഫെഡറിക്കോ വാല്‍വെര്‍ഡെ ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് ബെറ്റിസ് ഗോള്‍കീപ്പര്‍ ആല്‍വാരോ വാലെസിന് കൃത്യമായി തടയാനായില്ല. പന്ത് കൈവിട്ട തക്കം നോക്കി ബ്രസീലിയന്‍ താരം വിനീഷ്യസ് അത് ഗോളാക്കി മാറ്റി. ഇതോടെ റയല്‍ മുന്നിലെത്തി. റയലിന് ലീഡ് ഉയര്‍ത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. കിലിയന്‍ എംബാപ്പെയുടെ ഒരു ഗോള്‍ ഓഫ്സൈഡ് വിളിക്കപ്പെട്ടപ്പോള്‍ മറ്റൊരു ശ്രമം ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. വിനീഷ്യസിനും ജൂഡ് ബെല്ലിംഗ്ഹാമിനും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനും സാധിച്ചില്ല.
മത്സരത്തിലേക്ക് സാവധാനം തിരിച്ചുവന്ന ബെറ്റിസിന്, റയല്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രി ലുനിന്റെ മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ ഗോള്‍ നേടാമായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ അവരുടെ പോരാട്ടവീര്യത്തിന് ഫലം ലഭിച്ചു. റയല്‍ ബോക്സിലെ ആശയക്കുഴപ്പം മുതലെടുത്ത് ഹെക്ടര്‍ ബെല്ലറിന് സമനില ഗോള്‍ നേടി. ഫെര്‍ലാന്‍ഡ് മെന്‍ഡിക്ക് പന്ത് നഷ്ടമായപ്പോള്‍ ലഭിച്ച അവസരം മുന്‍ ആഴ്സണല്‍ താരമായ ബെല്ലറിന് കൃത്യമായി വലയിലെത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച അലാവസിനെ തോല്‍പ്പിച്ചതോടെ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി ബാഴ്സലോണ തങ്ങളുടെ ലീഡ് തിരിച്ചുപിടിച്ചു.
ഈ സീസണിലെ അഞ്ചാം സമനിലയോടെ റയലിന്റെ കിരീട മോഹങ്ങള്‍ മങ്ങുകയും പരിശീലകന് ആര്ബെലോവയ്ക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തു. അടുത്ത ആഴ്ച എസ്പാന്യോളിനെ നേരിടുന്ന റയല്‍, അതിനുശേഷം സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയ്ക്കായി ബാഴ്സലോണയിലേക്ക് പോകും. ഇനി കിരീടം നേടണമെങ്കില്‍ ഹാന്‍സി ഫ്ലിക്കിന്റെ നേതൃത്വത്തിലുള്ള ബാഴ്സലോണ പോയിന്റുകള്‍ നഷ്ടപ്പെടുത്തുകയല്ലാതെ റയലിന് മറ്റ് വഴികളില്ല.




