
വെംബ്ളി: എഫ്.എ. കപ്പ് സെമി ഫൈനലില്‍ ലീഡ്സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ചെല്‍സി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. പരിശീലകന് ലിയാം റോസീനിയറെ പുറത്താക്കിയതിന് പിന്നാലെ പുതിയ തന്ത്രങ്ങളുമായെത്തിയ ലണ്ടന്‍ ക്ലബ്ബിന് ഈ വിജയം പുതുജീവന്‍ നല്‍കുന്നതാണ്.
മത്സരത്തിന്റെ 23-ാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ വിജയമുറപ്പിച്ച നിമിഷം പിറന്നത്. പെഡ്രോ നെറ്റോ ബോക്സിലേക്ക് നല്കിയ മനോഹരമായ ക്രോസിനെ അര്‍ജന്റീനന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് കൃത്യതയാര്‍ന്ന ഹെഡറിലൂടെ ലീഡ്സ് വലയിലെത്തിച്ചു. ലീഡ്സ് യുണൈറ്റഡിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ചെല്‍സി ഗോളി റോബര്‍ട്ട് സാഞ്ചസ് നിര്‍ണ്ണായക പങ്കുവഹിച്ചു.
തുടക്കത്തില്‍ തന്നെ ബ്രെന്‍ഡന്‍ ആരോണ്‍സണിന്റെ സുവര്‍ണ്ണാവസരം സാഞ്ചസ് തടഞ്ഞു. രണ്ടാം പകുതിയില്‍ ആന്റണ്‍ സ്റ്റാച്ച്, കാല്‍വര്‍ട്ട്-ലൂയിന് എന്നിവരുടെ ഗോളെന്നുറച്ച നീക്കങ്ങളും സാഞ്ചസിന്റെ മികവില്‍ വിഫലമായി. 1973-ന് ശേഷം ആദ്യമായി ഫൈനലിലെത്താമെന്ന ലീഡ്സിന്റെ പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു.
ഇടക്കാല പരിശീലകനായി ചുമതലയേറ്റെടുത്ത കാലം മക്ഫര്ലെയ്നിന് കീഴിലാണ് ചെല്‍സി ഈ വിജയം ആഘോഷിച്ചത്. മെയ് 16 ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയുടെ എതിരാളികള്‍. കഴിഞ്ഞ മൂന്ന് എഫ്.എ. കപ്പ് ഫൈനലുകളിലും നേരിട്ട തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ഇത്തവണ വിരാമമിടാനാണ് നീലപ്പടയുടെ ലക്ഷ്യം.
പരിശീലകനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ക്ലബ്ബ് മാനേജ്മെന്റിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായി ഈ സെമി ഫൈനല്‍ വിജയം. ലീഡ്സ് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ അവര്‍ക്ക് തിരിച്ചടിയായി.





