
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ത്രീവിരുദ്ധരാണെന്നും ഇക്കാര്യം ശശിതരൂര്‍ നേരത്തെ സമ്മതിച്ചിട്ടുള്ള കാര്യമാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് റിജിജു ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ശശി തരൂരുമായി സംസാരിച്ചപ്പോള്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു എന്നും റിജിജു പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കണക്കാക്കില്ല എന്ന് തരൂര്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചപ്പോള്‍, ഹാളിനുള്ളില്‍ വെച്ച് പറഞ്ഞതായി കിരണ്‍ റിജിജു പറഞ്ഞു.
തരൂര്‍ ഇത് പറഞ്ഞതിലൂടെ തന്റെ പാര്‍ട്ടി സ്ത്രീവിരുദ്ധമാണെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നുവെന്ന് റിജിജു കൂട്ടിച്ചേര്‍ത്തു. സ്ത്രീ സംവരണ നിയമത്തില്‍ മാറ്റം വരുത്താനും 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ലോകസഭാ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയില്‍ പരാജയപ്പെട്ടിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ ബ്ലോക്കിനെ 'തുക്ഡെ തുക്ഡെ ഗ്യാങ്' എന്ന് റിജിജു വിശേഷിപ്പിച്ചു. സഖ്യകക്ഷികള്‍ക്ക് ഇടയില്‍ ഏകോപനമില്ലെന്നും രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്, മമത ബാനര്‍ജി എന്നിവര്‍ പരസ്പരം വിമര്‍ശിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തത്വങ്ങളിലധിഷ്ഠിതമല്ല, മറിച്ച് സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയ സഖ്യമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടിയിലെ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചും റിജിജു പ്രതികരിച്ചു. ബിജെപി സമ്മര്‍ദ്ദം ചെലുത്തിയാണ് ഇവരെ പാര്‍ട്ടിയില്‍ എത്തിച്ചതെന്ന ആരോപണം അദ്ദേഹം തള്ളി. അരവിന്ദ് കെജ്രിവാള് എഎപിയെ ഒരു സ്വകാര്യ പാര്‍ട്ടിയാക്കി മാറ്റിയെന്നും, നല്ല ആളുകളെല്ലാം അവിടെ നിന്ന് പുറത്തുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഘവ് ചദ്ദ, സ്വാതി മലിവാള്‍, ഹര്ഭജന് സിംഗ് തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ആഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്.






