
റായ്പുർ: നാലാം ക്ളാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ നായയുടെ പേരിനുള്ള ഓപ്ഷനായി ‘രാമൻ’ എന്ന പേരു നൽകിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്പെൻഷനിൽ. ഛത്തീസ്ഗഡിലെ മഹാസമുൻഡ് ജില്ലയിലാണ് സംഭവം നടന്നത്.
2026 ജനുവരി 8-ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ടിലൂടെയാണ് ഈ വിവാദ വിഷയം പുറംലോകമറിഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇതിനെത്തുടർന്നുണ്ടായി. ചോദ്യ പേപ്പർ തയ്യാറാക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഡിഇഒ ഓഫീസിനാണെന്നും, ഇതിൽ ഗുരുതരമായ മേൽനോട്ടപ്പിശക് സംഭവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്, ഡിഇഒയുടെ ചുമതല വഹിച്ചിരുന്ന വിജയ കുമാർ ലഹ്രയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
പരീക്ഷാ ജോലികളിലെ അനാസ്ഥ, ആക്ഷേപകരമായ ഉള്ളടക്കം ഉൾപ്പെടുത്തൽ, ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരിക്കുക, വകുപ്പുതല നിർദ്ദേശങ്ങൾ ലംഘിക്കുക, ഓഡിറ്റുകളിൽ കണ്ടെത്തിയ ഗുരുതരമായ ക്രമക്കേടുകൾ എന്നിവയാണ് വിദ്യാഭ്യാസ വകുപ്പ് ലഹ്രയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ. വകുപ്പുതല അന്വേഷണത്തിനു ശേഷമായിരിക്കും തുടർനടപടികൾ.






