
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ ശക്തമായ തിരിച്ചടി കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന് കനത്ത നഷ്ടമുണ്ടാക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 12 പേരും തോറ്റതിന് പിന്നാലെ സംസ്ഥാന പാര്‍ട്ടി പദവിയും രണ്ടില ചിഹ്നവും നഷ്ടമാകുന്ന സ്ഥിതിയിലാണ് കേരളാ കോണ്‍ഗ്രസ് (എം) നില്‍ക്കുന്നത്. സംസ്ഥാന പാര്‍ട്ടി പദവിക്ക് വേണ്ട തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനയില്‍ നിന്നും പാര്‍ട്ടി പുറത്തായി.
ഒരു പാര്‍ട്ടി സംസ്ഥാന പാര്‍ട്ടിയായി നിലനില്‍ക്കുന്നതിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ടും ഏറ്റവും കുറഞ്ഞത് രണ്ടു എംഎല്‍എമാരും ഉണ്ടാകുകയോ അല്ലെങ്കില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ടു നേടുകയോ ലോക്സഭയില്‍ ഒരു എംപി യെങ്കിലും ഉണ്ടായിരിക്കുകയോ വേണം. നിലവിലെ സാഹചര്യം അനുസരിച്ച് രണ്ടു സാഹചര്യവും ജോസ് കെ മാണിയുടെ പാര്‍ട്ടിക്കില്ല. ജോസ് കെ മാണിയുടെ പാര്‍ലമെന്റംഗത്വം രാജ്യസഭയിലാണ്. ലോക്സഭയില്‍ അല്ലാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്.
അതുപോലെ ചിലപ്പോള്‍ അവരുടെ വിഖ്യാതമായ രണ്ടില ചിഹ്നവും നഷ്ടമാകുന്ന സ്ഥിതിയാണ്. മുമ്പ് കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നിയമപോരാട്ടത്തിലൂടെയാണ് രണ്ടില തിരിച്ചുപിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ മത്സരിച്ച കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന് തറവാടായ പാലായിലും പൂഞ്ഞാറിലും വരെ അടി പതറുന്നു കാഴ്ചയാണ് കണ്ടത്്. ജോസ് കെ മാണിക്കൊപ്പം എന്‍ ജയരാജിനും റോഷി അഗസ്റ്റിനും അടി തെറ്റിയതോടെ പാര്‍ട്ടിക്കുള്ളില്‍ വലിയ ഉള്പ്പാര്ട്ടിപോരും ഉടലെടുത്തിരിക്കുകയാണ്.
നേരത്തേ യുഡിഎഫിലേക്ക് മാറാനുള്ള ജോസ് കെ മാണിയുടെ നീക്കം റോഷി അഗസ്റ്റിനാണ് തടഞ്ഞത്. യുഡിഎഫിന്റെ വലിയ കുെത്താഴുക്കില് ഇടതുപക്ഷം ഒലിച്ചുപോയപ്പോള്‍ കൂട്ടത്തില്‍ കേരളാകോണ്‍ഗ്രസിനും വലിയ നഷ്ടമുണ്ടാക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി സംപൂജ്യരായതിനു പിന്നാലെ പരാജയം വിലയിരുത്താന്‍ ഈമാസം ഒന്‍പതിന് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചെയര്മാന് ജോസ് കെ.മാണി എം.പിയുടെ അധ്യക്ഷതയില്‍ ചേരുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒരിടത്തും ജയിക്കാനായില്ല. അഞ്ചു സീറ്റുകള്‍ നഷ്ടമായതിനൊപ്പം ജോസ് കെ. മാണി വീണ്ടും പരാജയപ്പെട്ടതും തിരിച്ചടിയായി. ചീഫ് വിപ്പും മൂന്ന് എം.എല്‍.എമാരും 10,000 വോട്ടിനു താഴെ പരാജയപ്പെട്ടപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്റേതു കനത്ത തോല്‍വിയായി. സിറ്റിങ് സീറ്റ് നിലനിര്‍ത്താമെന്നും പാലാ തിരിച്ചുപിടിക്കാമെന്നും പാര്‍ട്ടി കരുതിയിരുന്നു. മറുവശത്ത് മുഖ്യ എതിരാളികളായ ജോസഫ് വിഭാഗം മത്സരിച്ച എട്ടില്‍ ഏഴു സീറ്റിലും ജയിക്കുകയും മന്ത്രിസ്ഥാനം അവകാശപ്പെടുകയൂം ചെയ്തിരിക്കുകയാണ്.






