
അമ്പലപ്പുഴ: കാസര്‍ഗോഡ് രണ്ടു സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം മുസ്ളീം ലീഗിനെ രഹസ്യമായി സഹായിച്ചെന്ന് സിപിഐഎം വിമതനും അമ്പലപ്പുഴയില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്. ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ സിപിഐഎം മുസ്ലിം ലീഗിനെ രഹസ്യമായി സഹായിച്ചുവെന്നാണ് ആക്ഷേപം. പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉപേക്ഷിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍, സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അവരുടെ പരസ്യമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ഇത് പാര്‍ട്ടിയുടെ രാഷ്ട്രീയ വ്യക്തിത്വം പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയെന്നും സുധാകരന് തുറന്നടിച്ചു. യു.ഡി.എഫിനെ സി.പി.എം പരസ്യമായി എതിര്‍ക്കുമ്പോഴും, സുധാകരന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ലീഗിന് സി.പി.എം നല്കിയ തന്ത്രപരമായ പിന്തുണ കൊണ്ട് മാത്രമാണ് ആ സീറ്റുകളില്‍ ബി.ജെ.പി പരാജയപ്പെട്ടത്. നിലവിലെ നേതൃത്വം പാര്‍ട്ടിയെ ആറടി മണ്ണില്‍ താഴ്ത്തുകയാണെന്നും, ഇനി പാര്‍ട്ടിയിലേക്ക് മടങ്ങിപ്പോകാന്‍ താല്പര്യമില്ലെന്നും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
സി.പി.എമ്മിനെ 'ആശയവൈരുദ്ധ്യങ്ങളുടെ കലവറ' എന്നാണ് വിശേഷിപ്പിച്ചത്. സ്വന്തം നയങ്ങള്‍ക്ക് വിരുദ്ധമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. താന്‍ സേവിച്ച പഴയ പാര്‍ട്ടിയല്ല ഇന്നത്തെ സി.പി.എം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പിണറായി വിജയന്റെ 'ചെറ്റ പ്രയോഗം' പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ അടയാളമാണെന്ന് സുധാകരന് വിശേഷിപ്പിച്ചു. ഇ.എം.എസിന്റെ കാലത്ത് പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് അത്തരമൊരു ആശയപരമായ നേതൃത്വം നല്കാന് സി.പി.എമ്മില്‍ ആരുമില്ലെന്നും പറഞ്ഞു. കൊടിയും ചിഹ്നവും പ്രസംഗങ്ങളും മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയില്‍ ബാക്കിയുള്ളുവെന്നും പ്രസ്ഥാനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു കഴിഞ്ഞെന്നും പറഞ്ഞു. സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി വലിയ ജയമാണ് അമ്പലപ്പുഴയില്‍ ജി സുധാകരന് നേടിയത്.






