ന്യൂയോര്‍ക്ക്: രാജ്യാന്തര മാധ്യമ രംഗത്തെ മുന്‍നിരക്കാരായ സി.എന്‍.എന്നിന്റെ സ്ഥാപകന്‍ ടെഡ് ടേണര്‍ (87) അന്തരിച്ചു. സി.എന്‍.എന്‍. തന്നെയാണ് മാധ്യമരംഗത്തെ വിപ്ലവകാരിയെന്ന് അറിയപ്പെടുന്ന ടേണറുടെ വിയോഗവാര്‍ത്ത ഇന്നലെ പുറത്തുവിട്ടത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല. അഞ്ച് മക്കളും 14 പേരക്കുട്ടികളും രണ്ട് ചെറുമക്കളുമുണ്ട്.
1938 നവംബര്‍ 18 ന് സിന്‍സിനാറ്റിയിലാണ് റോബര്‍ട്ട് എഡ്വേഡ് ടേണര്‍ എന്ന ടെഡ് ടേണറിന്റെ ജനനം. സൈനിക സ്കൂളില്‍ ഉള്‍പ്പെടെയായിരുന്നു പഠനം. ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ബിസിനസ് ഒഴിവാക്കിയുള്ള കോഴ്സ് തെരഞ്ഞെടുത്തത് പിതാവിനെ ചൊടിപ്പിച്ചു. ഹോസ്റ്റല്‍ മുറിയില്‍ കാമുകിയെ പ്രവേശിപ്പിച്ചതടക്കമുള്ള അച്ചടക്കലംഘനങ്ങള്‍ പതിവായതോടെ ബിരുദപഠനം പാതിവഴിയില്‍ മുടങ്ങി.
ഇതോടെ ജോര്‍ജിയയിലെ കുടുംബത്തിന്റെ പേരിലുള്ള പരസ്യക്കമ്പനിയില്‍ ജോലിക്കാരനായി. 24-ാം വയസില്‍ പിതാവ് ജീവനൊടുക്കിയതോടെ കമ്പനിയുടെ ചുമതല ടേണറുടെ ചുമലിലായി. കടംവീട്ടാന്‍ സ്ഥാപനം വിറ്റെങ്കിലും പിന്നീട് തിരികെവാങ്ങി വിജയകരമായി മുന്നോട്ടുനയിച്ചു.
ടേണറിന്റെ ജീവിതം മാറ്റിമറിച്ചത് 1970-ല്‍ ഒരു ടെലിവിഷന്‍ സ്റ്റേഷന് സ്വന്തമാക്കിയതോടെയാണ്. തുടക്കത്തില്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും കുറഞ്ഞ ചെലവിലുള്ള പരിപാടികള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്ത് ചാനലിനെ ലാഭത്തിലാക്കി. ടെലിവിഷന്‍ മാധ്യമരംഗത്തെ മാറ്റിമറിച്ച് 1980-ല്‍ ടെഡ് ടേണര്‍ 24 മണിക്കൂറും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന സി.എന്‍.എന്‍. എന്ന ചുരുക്കപ്പേരിലുള്ള കേബിള്‍ ന്യൂസ് നെറ്റ്വര്‍ക്ക് അറ്റ്ലാന്റയില്‍ ആരംഭിച്ചതോടെ തലവരതന്നെ മാറി. അതുവരെ നിലനിന്നിരുന്ന പരമ്പരാഗത സംപ്രേഷണ രീതികളെ സി.എന്‍.എന്‍. മാറ്റിയെഴുതി. 1990-91-ലെ ഗള്‍ഫ് യുദ്ധത്തിന്റെ തല്‍സമയ സംപ്രേഷണത്തിലൂടെ സി.എന്‍.എന്നിന് രാജ്യാന്തര സ്വീകാര്യത കൈവന്നു. അമേരിക്കന്‍ മാധ്യമ ലോകത്തെ വമ്പന്മാരുടെ ഗണത്തിലേക്കു ടേണറുമെത്തി. പിന്നാലെ എം.ജി.എം/യു.എ. മൂവി സ്റ്റുഡിയോ സ്വന്തമാക്കിയ ടേണര്‍, 1996-ല്‍ ടൈം വാര്‍ണര്‍ ഗ്രൂപ്പ് സ്വന്തമാക്കിയതോടെ എച്ച്.ബി.ഒ, വാര്‍ണര്‍ ബ്രദേഴ്സ്, ടൈം മാഗസിന്, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിക്കേഷന്‍ കമ്പനി ടേണറുടെ പേരിലായി. 2001-ല്‍ ടൈം വാര്‍ണറിന്റെ ലയനം ടേണറുടെ കമ്പനിയിലെ സ്വാധീനത്തില്‍ ഇടിവുണ്ടാക്കി. സ്ഥാപനത്തിന്റെ ഓഹരിമൂല്യം കൂപ്പുകുത്തിയത് ടേണര്ക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കി. പിന്നാലെ കമ്പനിയുടെ വൈസ് ചെയര്മാന്, ഡയറക്ടര്‍ സ്ഥാനങ്ങളില്‍നിന്ന് ടേണര്‍ രാജിവച്ചു. വിഷാദരോഗത്തോടു പൊരുതിയായിരുന്നു നേട്ടങ്ങളത്രയും അദ്ദേഹം സ്വന്തം പേരിലാക്കിയതെന്ന് ടേണറുടെ ജീവചരിത്രകാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2018-ല്‍ ലൂയി ബോഡി ഡിമെന്‍ഷ്യ എന്ന രോഗം തനിക്കുണ്ടെന്ന് ടേണര്‍ വെളിപ്പെടുത്തി. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ന്യുമോണിയ ബാധിതനായി ആശുപത്രിക്കിടക്കയിലായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് ജീവിതത്തിലേക്കു തിരികെ വന്നിരുന്നു.
തന്റെ മനസുതുറക്കലുകളിലൂടെ 'മൗത്ത് ഓഫ് ദ് സൗത്ത്', ക്യാപ്റ്റന്‍ ഔട്ട്റേജിയസ്, ടെറിബിള്‍ ടെഡ് എന്നീ പേരുകള്‍ ടേണര്ക്കു സ്വന്തം. വമ്പന്‍ മാധ്യമ സാമ്രാജ്യത്തിന് പുറമെ കായികരംഗത്തും അദ്ദേഹം സജീവമായിരുന്നു. 1976-ല്‍ 'അറ്റ്ലാന്റ ബ്രേവ്സ് ' എന്ന ബേസ്ബോള്‍ ടീമിനെ സ്വന്തമാക്കിയതിലൂടെ 'ടീം മുതലാളി'യുമായി.
ബിസിനസുകാരന് എന്നതിലുപരി മനുഷ്യസ്നേഹിയും പരിസ്ഥിതിപ്രേമിയും കൂടിയായിരുന്നു ടേണര്‍. അണ്വായുധമുക്ത ലോകം സ്വപ്നം കണ്ടിരുന്ന സമാധാനപ്രേമിയായ ടേണര്‍ തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നോട്ടുപോയതുമില്ല. ചാരിറ്റബിള്‍ സംഘടന സ്ഥാപിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ബദ്ധശ്രദ്ധനായി. കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താനായി 'ക്യാപ്റ്റന്‍ പ്ലാനറ്റ്' എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ടേണറായിരുന്നു. ടൈം മാഗസിന്റെ 'മാന്‍ ഓഫ് ദ് ഇയര്‍' അടക്കം നിരവധി പുരസ്കാരങ്ങള്‍ ടേണറെ തേടിയെത്തിയിട്ടുണ്ട്. ടേണറുടെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.


