
മുംബൈ: ഐപിഎല്‍ 2026-ല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായ മുംബൈ ഇന്ത്യന്‍സ് വീണ്ടും ഒരു നിര്‍ണ്ണായക വഴിത്തിരിവില്‍. ടീമിന്റെ നായക സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും താല്‍ക്കാലിക നായകന് സൂര്യകുമാര്‍ യാദവിന്റെയും ശാരീരിക അവസ്ഥകളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയാണ് ആരാധക ര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
മെയ് 10-ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ റായ്പൂരില്‍ നടക്കാനിരിക്കുന്ന പോരാട്ടം മുംബൈയ്ക്ക് ജീവന്മരണ പോരാട്ടമാണ്. എന്നാല്‍ ഈ മത്സരത്തിന് മുന്‍പായി ടീമില്‍ നിന്നുയരുന്ന സൂചനകള്‍ രോഹിത് ശര്‍മ്മ വീണ്ടും നായകക്കുപ്പായം അണിഞ്ഞേക്കാം എന്നാണ്. പുറംവേദന യെ ത്തുടര്‍ന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ ഹാര്‍ദിക് പാണ്ഡ്യ, റായ്പൂരിലേക്ക് തിരിച്ച ടീമിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടില്ല. ഹാര്‍ദി ക്കിന് പകരം കഴിഞ്ഞ കളിയില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവും ആദ്യ സംഘത്തോടൊപ്പം യാത്ര ചെയ്തിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇരുവരും കളിച്ചില്ലെങ്കില്‍ ടീമിനെ നയിക്കാന്‍ പരിചയസമ്പന്നനായ രോഹിത് ശര്‍മ്മ അല്ലാതെ മറ്റൊരു പേര് മുംബൈക്ക് മുന്നിലില്ല.
അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 10 മത്സരങ്ങളില്‍ 3 ജയം മാത്രം. നിലവില്‍ ഒമ്പതാം സ്ഥാനത്ത്. അവശേഷിക്കുന്ന 4 മത്സരങ്ങളിലും വന്‍ വിജയം നേടിയാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യതകള്‍ നേരിയ തോതിലെങ്കിലും നിലനില്ക്കുകയുള്ളൂ. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള രോഹിത്തിന്റെ തിരിച്ചുവരവ് ടീമിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന. മുംബൈയില്‍ നിന്ന് റായ്പൂരിലേക്ക് വിമാന സര്‍വീസുകള്‍ കുറവായതിനാലാണ് താരങ്ങള്‍ വ്യത്യസ്ത സംഘങ്ങളായി യാത്ര ചെയ്യുന്നത്. ഹാര്‍ദിക്കിന്റെ പരിക്ക് ഗുരുതരമല്ലെന്നും വരും ദിവസങ്ങളില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നുമാണ് ഓപ്പണര്‍ റയാന് റിക്കല്ട്ടണ് വ്യക്തമാക്കിയത്. എങ്കിലും, ഗ്രൗണ്ടിലെ തന്ത്രങ്ങള്‍ മെനയാന്‍ രോഹിത് ശര്‍മ്മ തന്നെ ടോസിടാന്‍ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ മുംബൈയുടെ വിധി നിര്‍ണ്ണയിക്കപ്പെടുക കേവലം ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല, ആര് നയിക്കും എന്നതിലൂടെ കൂടിയായിരിക്കും.





