സിംഗപ്പുര്‍/ലണ്ടന്‍: ഇറാനെതിരായ യു.എസ്. ഉപരോധം ശക്തമായി തുടരുന്നതിനിടെ യു.എ.ഇയുടെ നിരവധി എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ട്.
ഇറാന്റെ ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ലൊക്കേഷന്‍ ട്രാക്കറുകള്‍ ഓഫാക്കിയാണ് യു.എ.ഇ. ടാങ്കറുകള്‍ ഹോര്‍മുസ് കടന്നതെന്ന് വ്യവസായ സ്രോതസുകളും ഷിപ്പിങ് ഡേറ്റയും വ്യക്തമാക്കുന്നു. ഇറാന്-യു.എസ്, ഇസ്രയേല്‍ യുദ്ധം തുടങ്ങും മുമ്പുള്ള വ്യാപാരഇടപാടിന്റെ ഭാഗമായുള്ള അസംസ്കൃത എണ്ണയാണ് യു.എ.ഇ. ഇത്തരത്തില്‍ കയറ്റുമതി ചെയ്തതെന്നാണു സൂചന. ഹോര്‍മുസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫിലെ മറ്റ് എണ്ണ ഉത്പാദകരായ ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്.
ചെങ്കടലിലെ കപ്പല്‍ഗതാഗത സൗകര്യം പ്രയോജനപ്പെടുത്തി സൗദി അറേബ്യ എണ്ണ വില്‍പ്പന നടത്തുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ മാത്രം യു.എ.ഇയിലെ അബുദബി നാഷണല്‍ ഓയില്‍ കമ്പനി ഗള്‍ഫിലുള്ള ടെര്‍മിനലുകളില്‍നിന്നു നാലു ടാങ്കറുകളിലായി കുറഞ്ഞത് ആറു ദശലക്ഷം ബാരല്‍ ക്രൂഡോയില്‍ കയറ്റുമതി ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഷിപ്പ്-ടു-ഷിപ്പ് ട്രാന്‍സ്ഫര്‍ രീതിയിലാണ് എണ്ണക്കയറ്റുമതി നടത്തിയത്.


