
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ വൈറ്റ് ബോൾ ഫോർമാറ്റുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ബിസിസിഐ. ഏകദിന, ടി20 ടീമുകൾക്കായി ഒരു നായകൻ മതിയെന്ന നയത്തിലേക്ക് സെലക്ഷൻ കമ്മിറ്റി മാറുന്നതോടെ, ശ്രേയസ് അയ്യർക്ക് ഇന്ത്യൻ ടീമിന്റെ അമരത്തേക്ക് നറുക്കുവീഴാൻ സാധ്യതയേറി. നിലവിലെ ടി20 നായകൻ സൂര്യകുമാർ യാദവിനെയും ഏകദിന നായകൻ ശുഭ്മൻ ഗില്ലിനെയും മാറ്റിക്കൊണ്ടുള്ള പുതിയ നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.
പരിമിത ഓവർ ക്രിക്കറ്റിന്റെ ഏറ്റവും വലിയ മേളയായ ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിംഗ്സിനായി ശ്രേയസ് അയ്യർ കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനമാണ് സെലക്ടർമാരുടെ മനംമാറ്റത്തിന് പ്രധാന കാരണം. പരിക്കിനെത്തുടർന്ന് കുറച്ചുനാൾ ടീമിന് പുറത്തായിരുന്നെങ്കിലും, ശക്തമായ തിരിച്ചുവരവാണ് അയ്യർ നടത്തിയത്.
അതേസമയം, ലോകകപ്പ് വിജയത്തിന് ശേഷം ടി20 നായകസ്ഥാനം ഏറ്റെടുത്ത സൂര്യകുമാർ യാദവ് ഐപിഎല്ലിൽ നേരിടുന്ന ഫോമില്ലായ്മ ബിസിസിഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഫോർമാറ്റുകൾക്ക് അനുസരിച്ച് വ്യത്യസ്ത ക്യാപ്റ്റൻമാർ എന്ന രീതിക്ക് പകരം, ഏകദിനത്തിലും ടി20യിലും ഒരേ നായകൻ തന്നെ ടീമിനെ നയിക്കണമെന്ന അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ താൽപ്പര്യമാണ് അയ്യർക്ക് തുണയാകുന്നത്.
രോഹിത് ശർമ്മയിൽ നിന്ന് ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശുഭ്മൻ ഗില്ലിനെ മാറ്റി, അടുത്ത വർഷം നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിന് മുൻപായി അയ്യരെ ടീമിന്റെ പൂർണ്ണ ചുമതല ഏൽപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള അയ്യരുടെ കഴിവും ബാറ്റിംഗിലെ സ്ഥിരതയും ബിസിസിഐ വൃത്തങ്ങൾ എടുത്തുപറയുന്നു.
ഏകദിനത്തിലും ടി20യിലും ഒരു ക്യാപ്റ്റൻ എന്ന രീതി നടപ്പിലാക്കുന്നു എന്നതാണ് ഏറെ പ്രത്യേകത. ജൂൺ 6-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന് ശേഷം ഇന്ത്യ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലേക്ക് കടക്കും. ഈ സുപ്രധാന പരമ്പരകൾക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റിലെ ഈ നിർണ്ണായക നേതൃമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടേക്കും.





