
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്‌ളാമര്‍ ഫ്രാഞ്ചൈസിയായ സിഎസ്‌കെയുമായി ധോണി പിരിയുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 2026 സീസണിന് ശേഷം താരം മഞ്ഞക്കുപ്പായം പൂര്‍ണ്ണമായും അഴിച്ചുവെയ്ക്കുമെന്നാണ് വിവരം. വിരമിക്കുന്നതിന്റെ ഭാഗമായിട്ടല്ല മാനേജ്‌മെന്റുമായുള്ള ഉടക്കിന്റെ ഭാഗമായിട്ടാണ് താരം ക്ലബ്ബ് വിടുന്നതെന്നാണ് സൂചനകള്‍. ഈ സീസണില്‍ താരം ഒരു മത്സരം പോലും കളിക്കുകയോ ഇംപാക്ട് പ്‌ളേയറായി പോലും കളത്തിലെത്തുകയോ ചെയ്യാതിരുന്നത് ഫ്രാഞ്ചൈസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്‍ 2026-ന് ശേഷം ധോണി സിഎസ്‌കെയുമായി പിരിയുമെന്ന് പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ സീസണിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജേഴ്‌സിയില്‍ ധോണിയെ കാണാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. 'ധോണിയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം വളരെ മോശമായ അവസ്ഥയിലാണ്, 2026 ഐപിഎല്ലിന് ശേഷം 'തല'യെ ഇനി മഞ്ഞക്കുപ്പായത്തില്‍ കാണാന്‍ കഴിയില്ല.' ന്യൂസ് 18 ഒരു വിശ്വസ്ത ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് ധോണിക്ക് ഒരു സീസണ്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നഷ്ടമാകുന്നത്. ഒരു മുതിര്‍ന്ന സിഎസ്‌കെ ഭാരവാഹിയുമായി ധോണിക്ക് ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിനൊപ്പം ധോണിയുടെ അസാന്നിധ്യത്തിന് കാരണം പരിക്കാണെന്ന് സിഎസ്‌കെ മാനേജ്മെന്റ് ആവര്‍ത്തിക്കുമ്പോഴും, പ്ലേഓഫ് റേസില്‍ നിലവിലെ വിന്നിംഗ് കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ധോണിക്ക് താല്പര്യമില്ലെന്നാണ് പല മാധ്യമ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
നേരത്തേ പരിക്കേറ്റ താരം ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടും, ടീമിന്റെ ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ അദ്ദേഹം കളത്തിലിറങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന് കാല്‍വണ്ണയിലെ പേശിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, അഭിപ്രായവ്യത്യാസങ്ങളും മുതിര്‍ന്ന കളിക്കാരെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടെയുള്ള കൂടുതല്‍ ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടീം മാനേജ്മെന്റ് ധോണിയുമായി യാതൊരു കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്. രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍ എന്നിവരുമായി ബന്ധപ്പെട്ട പ്രധാന ട്രാന്‍സ്ഫര്‍ തീരുമാനങ്ങള്‍ തന്റെ അറിവില്ലാതെ എടുത്തതില്‍ ധോണി അതൃപ്തനായിരുന്നുവത്രെ. അതേസമയം, ഭാവി അവസരമായി ഒരു യുവനിരയെ കെട്ടിപ്പടുക്കുന്നതിലേക്കാണ് ഫ്രാഞ്ചൈസി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
'ഈ വര്‍ഷം അവര്‍ ധോണിയെ പൂര്‍ണ്ണമായും അവഗണിച്ചു, ഇത് അദ്ദേഹത്തെ വളരെയധികം ചൊടിപ്പിച്ചു,' ടീമിനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ധോണി സീസണിലുടനീളം ടീമിനൊപ്പം തുടര്‍ന്നതെന്നും ആ ഉറവിടം കൂട്ടിച്ചേര്‍ത്തു. ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും, മത്സരദിവസങ്ങളില്‍ ധോണി ഹോട്ടലില്‍ തന്നെ തുടരുകയും യുവതാരങ്ങള്‍ക്ക് ടീമിന്റെ ഭാഗമാകാന്‍ അവസരം നല്‍കുകയുമായിരുന്നു.




