
ന്യൂഡല്‍ഹി : ഐപിഎൽ 2026 സീസൺ അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യതകളിലേക്കാണ്. റോയൽ ചലഞ്ഞേഴ്സ് ബംഗളൂരു കഴിഞ്ഞ മത്സരത്തിൽ ലഖ്നൗവിനോട് പരാജയപ്പെട്ടത് പോയിന്റ് പട്ടികയിൽ ചെന്നൈയ്ക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ 16 പോയിന്റാണ് സുരക്ഷിതമായ മാർക്ക്. ഇതിനായി ശേഷിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കണം. എന്നാൽ ആർസിബി വരാനിരിക്കുന്ന മത്സരങ്ങളിലും പരാജയപ്പെട്ടാൽ 14 പോയിന്റോടെ പോലും ചെന്നൈയ്ക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിച്ചേക്കാം.
അവസാനം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് പ്ലേഓഫ് സാധ്യത നിലനിർത്താൻ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. ഇനിയും നാല് മത്സരങ്ങൾ കൂടി ബാക്കിയുള്ള ടീമിന് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. പോസിറ്റീവ് റൺറേറ്റാണ് (+0.151) റുതുരാജിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. അതോടൊപ്പം അവസാന നാല് കളികളില്‍ രണ്ടെണ്ണം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആണെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
അതേസമയം നിലവിൽ 14 പോയിന്റുള്ള സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ബെർത്തിന് തൊട്ടരികിലാണ്. ഒരു വിജയം കൂടി നേടിയാൽ അവർക്ക് ടോപ്പ് 4-ൽ ഇടം ഉറപ്പിക്കാം. പഞ്ചാബ് കിംഗ്സ് ഇപ്പോൾ 13 പോയിന്റുമായി പ്രതിസന്ധിയിലാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട പഞ്ചാബിന് ഇനി പ്ലേ ഓഫിലെത്താൻ ശേഷിക്കുന്ന നാല് മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിക്കേണ്ടി വരും. രാജസ്ഥാൻ റോയൽസിനാകട്ടെ ശേഷിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിച്ചാൽ മാത്രമേ സുരക്ഷിതമായ ഒരു സ്ഥാനത്തെത്താൻ സാധിക്കൂ.
നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്തിന് പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ഉള്ളത്. ജിടിയുടെ റൺറേറ്റ് -0.147 ആണ്. ഇനിയുള്ള മത്സരങ്ങളിൽ രണ്ടിലെങ്കിലും വൻ മാര്‍ജിനില്‍ ജയിക്കണം . രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നി തടീമുകളാണ് അവസാന നാല് മത്സരങ്ങളിലെ ഗുജറാത്തിന്റെ എതിരാളികൾ. ഡൽഹിക്ക് എല്ലാ ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാൽ പ്രതീക്ഷ നിലനിർത്താനാകും. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് എന്നി ടീമുകളാണ് അവസാന നാല് സ്ഥാനങ്ങളിൽ.




