
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലിന്നും സ്വന്തം വീട്ടിലെ കുട്ടിയായി, ബാലാമണിയായി സ്ഥാനം പിടിച്ചിരിക്കുന്ന താരമാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചുവന്നത് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ്. എന്നാല്‍ മടങ്ങിവരവില്‍ സിനിമയേക്കാളേറെ നവ്യ ശ്രദ്ധ കൊടുത്തത് തന്റെ മാതംഗി എന്ന നൃത്തവിദ്യാലയത്തിനും നൃത്തവേദികള്ക്കുമാണ്.
ചടുലതാളങ്ങളോടും ലാസ്യഭാവങ്ങളോടും നവ്യ വേദിയിലെത്തുമ്പോള്‍ ക്ലാസിക്കല്‍ നൃത്തമിഷ്ടപ്പെടാത്തവര് പോലും ആസ്വദിച്ചിരിക്കുന്ന വീഡിയോകള്‍ വൈറലായി മാറിയിട്ടുണ്ട്. നവ്യയുടെ നൃത്തവീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ വലിയ തോതില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും യാത്രാചിത്രങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ യുവരാജ് സിംഗിനെ കണ്ട സന്തോഷം പങ്കിടുകയാണ് നവ്യ നായര്‍. തൃശൂരിൽ നടന്ന ചടങ്ങിൽ വെച്ചാണ് താൻ ഏറെ ആരാധിക്കുന്ന താരത്തെ നവ്യ നേരിൽ കണ്ടത്. താൻ ഏറെ ആദരവോടെ കാണുന്ന താരത്തെ നേരിൽ കണ്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
‘‘ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച ഒരാളോടൊപ്പം വേദി പങ്കിടാൻ കഴിയുന്നത് അഭിമാനകരമായ നിമിഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് യുവിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നവ്യ കുറിച്ചത്. ചടങ്ങിനിടെ തന്റെ മകൻ സായി കൃഷ്ണയ്ക്ക് വേണ്ടി യുവരാജ് സിങ്ങിന്റെ കൈയൊപ്പ് പതിപ്പിച്ച ബാറ്റ് സ്വന്തമാക്കിയ താരം, മകന് നൽകാൻ ഇതിലും മികച്ചൊരു സമ്മാനം വേറെയില്ലെന്നും കൂട്ടിച്ചേർത്തു.






