ടെഹ്റാന്: അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്കെതിരേ ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ 'ജബഹെ പയ്ദാരി' ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിങ്ടണെ പരാജയപ്പെടുത്തിക്കൊണ്ടു മാത്രമേ കരാറുകളില്‍ ഏര്‍പ്പെടാവൂ എന്നാണ് ഇവരുടെ വാദം. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഇറാന് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യത്ത് രാഷ്ട്രീയവിള്ളല് രൂപപ്പെടുമ്പോള്‍
ഈ വിഭാഗത്തിന്റെ പ്രതിഷേധത്തിനു ശക്തിയേറുകയാണ്.
അതിവിപ്ലവകാരികള് എന്നറിയപ്പെടുന്ന ഇറാനിലെ രാഷ്ട്രീയ വിഭാഗമാണ് ജബഹെ പയ്ദാരി. ആണവ ചര്‍ച്ചകളില്‍ ഇറാന്റെ തന്ത്രപ്രധാനമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചര്‍ച്ചാസംഘം പരാജയപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു. ഇറാന്റെ മുഖ്യസംവാദകനായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവര്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഇവരുടെ പ്രതികരണം. ചര്‍ച്ചാസംഘത്തെ 'ഭീരുക്കള്‍' എന്നു വിശേഷിപ്പിച്ച ഇവര്‍, അരാഗ്ചിയെ സ്ഥാനത്തുനിന്നു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ സുരക്ഷാമേധാവി സയീദ് ജലീലി നയിക്കുന്ന ജബഹെ പയ്ദാരിക്ക് ഇറാനിലെ മതസ്ഥാപനങ്ങളിലും ഔദ്യോഗിക മാധ്യമങ്ങളിലും വലിയ സ്വാധീനമാണുള്ളത്. ഇവരുടെ പരസ്യപ്പോരാട്ടങ്ങള്ക്കു പിന്തുണയുമായി ആയിരങ്ങള്‍ പങ്കെടുത്ത റാലികളും ടെഹ്റാനില്‍ നടന്നു. മുന്‍ പരമോന്നത നേതാവ് അലി ഖമനേയിയുടെ മരണത്തിനുശേഷം രൂപപ്പെട്ട അധികാര സമവാക്യങ്ങള്ക്കിടയിലാണ് തീവ്ര നിലപാടുമായി ജബഹെ പയ്ദാരി രംഗത്തെത്തിയത്. യു.എസും ഇസ്രയേലുമായുള്ള ഇറാന്റെ പോരാട്ടം നിത്യമാണെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും ഇവര്‍ വാദിക്കുന്നു.
ചര്‍ച്ചകളെ പിന്തുണച്ച് പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഒപ്പിടാന്‍ ഈ വിഭാഗത്തിലെ അംഗങ്ങള്‍ വിസമ്മതിച്ചത് സര്‍ക്കാരിനു തലവേദനയായിട്ടുണ്ട്. ചര്‍ച്ചകള്‍ക്കെതിരേ മാധ്യമങ്ങള്‍ വഴി ഇവര്‍ നിരന്തരം പ്രചാരണങ്ങള്‍ നടത്തുകയാണ്. പ്രത്യയശാസ്തപരമായ ഈ ആഭ്യന്തരകലഹം ഇറാന്റെ നയതന്ത്ര നീക്കങ്ങളെ ദുര്ബലപ്പെടുത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


