വാഷിങ്ടണ്‍: റഷ്യ - യുൈക്രന് യുദ്ധത്തില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 'റഷ്യയും യുൈക്രനും തമ്മിലുള്ള യുദ്ധത്തില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആ തീരുമാനം നിലവില്‍ വന്നു കഴിഞ്ഞു'- ട്രംപ് പോസ്റ്റ് ചെയ്തു. നാളെ വരെയാണു വെടിനിര്‍ത്തലിനു പ്രാബല്യമുള്ളത്.
നാലു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചിട്ടുണ്ടെന്നു യുൈക്രന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും സ്ഥിരീകരിച്ചു. ധാരണയായതായി റഷ്യയും അറിയിച്ചു. 'യു.എസ് ഭരണകൂടവുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളിലാണ് ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്തിയത്. യു.എസ്. പ്രതിനിധികള്‍ യുൈക്രനുമായും സംസാരിച്ചിരുന്നു'- റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു. പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ട്രംപും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തെത്തുടര്ന്നാണു ധാരണയിലെത്തിയതെന്നും, രണ്ടാം ലോകമഹായുദ്ധത്തില്‍ ഇരു രാജ്യങ്ങളും സഖ്യകക്ഷികളായിരുന്നുവെന്നും വിജയ ദിനാഘോഷ വേളയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത ചര്‍ച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധ വിജയ ദിനം പ്രമാണിച്ച് രണ്ടു ദിവസത്തെ ഏകപക്ഷീയ വെടിനിര്‍ത്തല്‍ നേരത്തെ റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനുമുമ്പ് തങ്ങളും വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ റഷ്യ അത് അവഗണിക്കുകയായിരുന്നുവെന്നും യുൈക്രന് അറിയിച്ചു.
തന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച റഷ്യന്‍, യുൈക്രന് പ്രതിനിധികളോട് ഡോണള്‍ഡ് ട്രംപ് നന്ദി അറിയിച്ചു. 'റഷ്യയിലെ ആഘോഷം വിജയ ദിനത്തിനുള്ളതാണ്, അതുപോലെ യുൈക്രനിലും. കാരണം അവര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ഒരുമിച്ചാണു പോരാടിയത്. എല്ലാ സൈനിക ആക്രമണങ്ങളും ഇരു രാജ്യങ്ങളും നിര്‍ത്തിവയ്ക്കും. ധാരണയില്‍ ഇരു രാജ്യങ്ങളില്‍നിന്നുമുള്ള 1000 തടവുകാരെ പരസ്പരം കൈമാറുന്നതും ഉള്‍പ്പെടുന്നു' -ട്രംപ് കൂട്ടിച്ചേര്‍ത്തു. തടവുകാരുടെ കൈമാറ്റവും നടക്കുമെന്ന് സെലെന്‍സ്കിയും സ്ഥിരീകരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, ഓരോ ദിവസവും അതിനോട് അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു.


