ലണ്ടന്‍: ഇറാന്, യുൈക്രന് യുദ്ധങ്ങളുടെ പേരില്‍ ലാഭംകൊയ്ത് വന്‍കിട കമ്പനികള്‍. യുദ്ധം വിവിധ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ജീവിതെച്ചലവ് വര്‍ധിപ്പിക്കുകയും സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, സര്‍ക്കാരുകള്‍ എന്നിവയുടെ ബജറ്റുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. പക്ഷേ, സംഘര്‍ഷം തുടരുമ്പോള്‍ കോടി ഡോളര്‍ ലാഭം നേടുന്ന ചില ബഹുരാഷ്ട്ര വമ്പന്മാരുമുണ്ട്.
യുദ്ധത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക ആഘാതം ഊര്‍ജ വിലയിലെ കുതിച്ചുചാട്ടമാണ്. ലോകത്തിലെ ഏകദേശം അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും ഹോര്‍മുസ് കടലിടുക്ക് വഴിയാണു കൊണ്ടുപോകുന്നത്. എന്നാല്‍, ഫെബ്രുവരി അവസാനത്തോടെ കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചു.
ഇതിന്റെ ഫലമായി ഊര്‍ജ വിപണികളില്‍ വിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായി, ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക കമ്പനികളില്‍ ചിലര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. യൂറോപ്യന്‍ എണ്ണ ഭീമന്മാരാണു പ്രധാനമായും നേട്ടം കൊയ്തത്. ബിപിയുടെ ആദ്യ പാദത്തിലെ ലാഭം 320 കോടി ഡോളര്‍(ഏകദേശം 30,208 കോടി രൂപ) ആയി ഉയര്‍ന്നു. അവരുടെ ലാഭം ഇരട്ടിയിലധികമായി.
ഷെല്ലിന്റെ ആദ്യ പാദത്തിലെ ലാഭത്തിലും 692 കോടി ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. മറ്റൊരു രാജ്യാന്തര ഭീമനായ ടോട്ടല്‍എനര്‍ജീസ് എണ്ണ, ഊര്‍ജ വിപണികളിലെ ചാഞ്ചാട്ടം കാരണം 2026ന്റെ ആദ്യ പാദത്തില്‍ ലാഭം മൂന്നിലൊന്നായി വര്‍ധിച്ചു. അവരുടെ ലാഭഗം 540 കോടി ഡോളര്‍. മധ്യേഷ്യയില്‍നിന്നുള്ള വിതരണത്തിലെ തടസ്സങ്ങള്‍ കാരണം അമേരിക്കന്‍ ഭീമന്മാരായ എക്സോണ്‍മൊബില്‍, ഷെവ്റോണ്‍ എന്നിവയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടു. എണ്ണ വില ഗണ്യമായി ഉയര്‍ന്നതിനാല്‍ ഈ വര്‍ഷം അവരുടെ ലാഭം ഇനിയും വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. വലിയ ബാങ്കുകളില്‍ ചിലതും ഇറാന് യുദ്ധ സമയത്ത് ലാഭം വര്‍ധിപ്പിച്ചു. ജെപി മോര്ഗന് ട്രേഡിങ് വിഭാഗം 2026ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ 1160 കോടി ഡോളര്‍ എന്ന റെക്കോഡ് വരുമാനം നേടി, ഇത് ബാങ്കിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ൈത്രമാസ ലാഭമാണ്. യു.എസിലെ വന്‍കിട ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, മോഗന്‍ സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്, ഗോള്‍ഡ്മാന്‍ സാച്ചസ്, വെല്‍സ് ഫാര്‍ഗോ, ജെ.പി. മോര്ഗന് എന്നിവയുടെ ലാഭം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗണ്യമായി വര്‍ധിച്ചു.
മൊത്തത്തില്‍, ബാങ്കുകള്‍ 2026ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ 4770 കോടി ഡോളര്‍ ലാഭം രേഖപ്പെടുത്തി. ഇടപാടുകള്‍ കൂടിയതാണ് ഈ ബാങ്കുകള്‍ക്കുള്ള ആദ്യനേട്ടം. അപകടസാധ്യതയുള്ള ഓഹരികളും ബോണ്ടുകളും ഉപേക്ഷിച്ച് സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ പണം മാറ്റിയതും ബാങ്കുകള്‍ക്ക് ഗുണകരമായി. സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടം മുതലാക്കാന്‍ നിക്ഷേപകര്‍ ശ്രമിച്ചതും ട്രേഡിങ് വര്‍ധിപ്പിച്ചു.
ഏതൊരു സംഘര്‍ഷത്തിലും ഏറ്റവും പെട്ടെന്ന് പ്രയോജനം നേടുന്ന വിഭാഗം പ്രതിരോധ മേഖലയാണ്. മിസൈല്‍ പ്രതിരോധം, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യകത കൂടി. പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് അതിന്റെ പേരില്‍ കൂടുതല്‍ നിക്ഷേപവും ലഭിച്ചു. എഫ്35 ഫൈറ്റര്‍ ജെറ്റ് ഭാഗങ്ങള്‍ നിര്‍മിക്കുന്ന ബി.എ.ഇ. സിസ്റ്റംസ്, ഈ വര്‍ഷം വില്‍പ്പനയിലും ലാഭത്തിലും ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
ലോകമെമ്പാടുമുള്ള വര്‍ധിച്ചുവരുന്ന 'സുരക്ഷാ ഭീഷണികള്‍' സര്‍ക്കാര്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ കാരണമായതായും, ഇത് കമ്പനിക്ക് 'പിന്തുണ നല്കുന്ന പശ്ചാത്തലം' സൃഷ്ടിച്ചതായും അവര്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകാരായ ലോക്ഹീഡ് മാര്ട്ടിന്, ബോയിങ്, നോര്‍ത്റോപ് ഗ്രമ്മാന്‍ എന്നിവ 2026ന്റെ ആദ്യ പാദാവസാനം റെക്കോഡ് ഓര്‍ഡര്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അടുത്ത കാലത്തായി കുതിച്ചുയര്‍ന്ന പ്രതിരോധ കമ്പനികളുടെ ഓഹരികള്‍, ഈ മേഖല അമിതമായി മൂല്യനിര്‍ണയം ചെയ്യപ്പെട്ടുവെന്ന ഭയം കാരണം മാര്‍ച്ച് പകുതി മുതല്‍ തിരിച്ചിറങ്ങിയിട്ടുണ്ട്.
ഈ സംഘര്‍ഷം ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും പുനരുപയോഗ ഊര്‍ജ കമ്പനികള്‍ക്കാണ് അതിന്റെ നേട്ടം. ഫോസില്‍ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്ന അമേരിക്കയില്‍ പോലും ഇത് പ്രകടമാണ്.
അതുകൊണ്ട് പ്രയോജനം നേടിയ ഒരു കമ്പനിയാണ് ഫ്ലോറിഡ ആസ്ഥാനമായുള്ള നെക്സ്റ്റ് എറ എനര്‍ജി. ഈ വര്‍ഷം ഇതുവരെ അവരുടെ ഓഹരി മുല്യം ഉയര്‍ന്നത് 17%.
ഡാനിഷ് കാറ്റാടി ഊര് ഭീമന്മാരായ വെസ്റ്റാസ്, ഓര്‍സ്റ്റെഡ് എന്നിവ ലാഭം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു, ഇറാന് യുദ്ധത്തിന്റെ ഫലങ്ങള്‍ പുനരുപയോഗ ഊര്‍ജ കമ്പനികള്‍ക്കും ഗുണകരമാവുന്നു എന്നതിനു തെളിവാണിത്.
യുദ്ധം കാരണം സൗരോര്‍ജ പാനലുകളുടെയും ഹീറ്റ് പമ്പുകളുടെയും വില്‍പ്പനയില്‍ 'വലിയ കുതിച്ചുചാട്ടം' സംഭവിച്ചതായി യു.കെ. ആസ്ഥാനമാക്കിയുള്ള ഒക്ടോപസ് എനര്‍ജി വ്യക്തമാക്കി. ഫെബ്രുവരി അവസാനം മുതല്‍ സൗരോര്‍ജ പാനല്‍ വില്‍പ്പന 50% വര്‍ധിച്ചെന്ന് അവര്‍ വ്യക്തമാക്കി.
പെട്രോള്‍ വിലയിലെ വര്‍ധന ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയും വര്‍ധിപ്പിച്ചു, പ്രത്യേകിച്ച് ചൈനീസ് നിര്‍മ്മാതാക്കള്‍ ആ അവസരം ഏറ്റവും നന്നായി ഉപയോഗിക്കുന്നു.


