
മരട്: വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹ സംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരേ കേസെടുത്തു. മോഡല്‍ നല്‍കിയ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തത്. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു പരാതി.
വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ജോജോ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാരുമായും ബന്ധം സ്‌ഥാപിച്ചിരുന്നു. വിവാഹ വാഗ്‌ദാനം വിശ്വസിച്ച യുവതിയെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തില്‍നിന്നു ജോജോ പിന്നീടു പിന്‍മാറിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
രണ്ടാഴ്‌ച മുമ്പാണു യുവതി മരട് പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണങ്ങള്‍ക്കും മൊഴി രേഖപ്പെടുത്തലുകള്‍ക്കും ശേഷം കഴിഞ്ഞ ആറിനു പോലീസ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു.
യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ജോജോ കുരിശിങ്കല്‍ മുമ്പും നിയമനടപടികള്‍ നേരിട്ടിട്ടുള്ള വ്യക്‌തിയാണെന്നു പോലീസ് പറയുന്നു. വനംവകുപ്പ് പത്തനാപുരം റേഞ്ച് ഓഫീസിലും ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസുണ്ട്. നെടുംപാറ വനമേഖലയില്‍ അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തില്‍ വനംവകുപ്പ് ഇയാള്‍ക്കെതിരേ കേസെടുത്തത്.






