തിരുവനന്തപുരം: ഓഗസ്‌റ്റ് 31-നകം അവസാനിക്കുന്ന എല്ലാ പി.എസ്.സി. റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി നവംബര്‍ 30 വരെ നീട്ടാന്‍
മന്ത്രിസഭാതീരുമാനം. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമേകുന്ന നിര്‍ണായക തീരുമാനമാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ രണ്ടാം മന്ത്രിസഭായോഗത്തില്‍ത്തന്നെ കൈക്കൊണ്ടത്.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്‌ബിയുടെ പ്രവര്‍ത്തനം വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കും. ചികിത്സയിലെ അനാസ്‌ഥ മൂലം മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
100 ദിന കര്‍മപരിപാടി ജൂണ്‍ ഒന്നുമുതല്‍
യു.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ 'വിഷന്‍ 2031' പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആദ്യഘട്ടമായി ജൂണ്‍ ഒന്നുമുതല്‍ 100 ദിന കര്‍മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്‌മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഉപസമിതി രൂപീകരിച്ചു.






