റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളില്‍ നൂറ് ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിന്റെ താരമായ ക്രിസ്റ്റ്യാനോ അല്‍ ഷാബാബിനെതിരേ നടന്ന മത്സരത്തില്‍ ഗോളടിച്ചതോടെയാണു നൂറ് കടന്നത്്.
മത്സരത്തില്‍ 4-2 നു ജയിച്ച അല്‍ നസര്‍ കിരീടത്തിലേക്കു മുന്നേറുകയാണ്. 32 കളികളില്‍നിന്ന് 82 പോയിന്റാണ് അവര്‍ നേടിയത്. രണ്ട് മത്സരങ്ങളാണ് അല്‍ നസറിനു ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് 31 കളികളിലായി 77 പോയിന്റാണ്.
ഹിലാലിന് മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള അല്‍ അഹ്ലിക്ക് 72 പോയിന്റാണ്. കളി തീരാന്‍ 15 മിനിറ്റ് ശേഷിക്കേ സാഡിയോ മാനെയുടെ ക്രോസിനെ വലയിലെത്തിച്ചാണു ക്രിസ്റ്റ്യാനോ നൂറ് തികച്ചത്്. താരത്തിന്റെ കരിയറിലെ 971-ാം ഗോളും ലീഗ് സീസണിലെ 26-ാം ഗോളുമാണിത്.
ജോയ ഫെലിക്സിന്റെ ഹാട്രിക്ക് നസറിന്റെ ജയം ഉറപ്പാക്കിയ ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോള്‍. അല്‍ ഹിലാലും നസറും തമ്മില്‍ നടക്കുന്ന അടുത്ത മത്സരത്തോടെ ലീഗ് ജേതാക്കളെ ഉറപ്പിക്കാനാകും. 2022 ല്‍ അല്‍ നസറിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്ലബിനായി കിരീടങ്ങള്‍ നേടാനായില്ല.






