
ധര്‍മശാല: ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണില്‍ തുടരെ അഞ്ച് തോല്‍വികള്‍ വഴങ്ങി പഞ്ചാബ് കിങ്‌സ്.
രണ്ടാം ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ആറ് വിക്കറ്റിനു തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകളും നൂല്‍പ്പാലത്തിലൂടെയായി.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റിന് 200 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് കളി തീരാന്‍ ഒരു പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. ഓരോ പന്തിലും ആവേശം നിറഞ്ഞ മത്സരത്തില്‍ തിലക് വര്‍മയുടെ പ്രകടനം (33 പന്തില്‍ ആറ് സിക്‌സറും ആറ് ഫോറുമടക്കം പുറത്താകാതെ 75) നിര്‍ണായകമായി. വില്‍ ജാക്‌സും (10 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 25) തിലക് വര്‍മയും ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ 15 റണ്‍ വേണമായിരുന്നു. ബാര്‍ട്ട്‌ലെറ്റിന്റെ ലോ ഫുള്‍ടോസിന് വില്‍ ജാക്‌സിന്റെ തകര്‍പ്പന്‍ സിക്‌സര്‍. അടുത്ത പന്തില്‍ സിംഗിള്‍. ജയിക്കാന്‍ നാല് പന്തില്‍ എട്ട് റണ്‍. മൂന്നാമത്തെ പന്തില്‍ തിലക് വര്‍മയ്‌ക്കു റണ്ണെടുക്കാനായില്ല. അതോടെ ഇരു ടീമുകള്‍ക്കും സമ്മര്‍ദം കൂടി. നാലാം പന്ത് എക്‌സ്ട്രാ കവറിനു മുകളിലൂടെ സിക്‌സര്‍. അതോടെ ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ രണ്ട്. അഞ്ചാം പന്ത് ലോങ് ലെഗിന് മുകളിലൂടെ അതിര്‍ത്തി കടന്നു. അതോടെ പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.
മുംബൈ ഇന്ത്യന്‍സ് എട്ടാം തവണയാണ് ഐ.പി.എല്ലില്‍ 200 റണ്ണിനു മേല്‍ പിന്തുടര്‍ന്നു നേടുന്നത്. 11 തവണ 200 റണ്ണിനു മേല്‍ പിന്തുടര്‍ന്നു നേടിയ പഞ്ചാബ് കിങ്‌സാണ് ഒന്നാമത്. മുംബൈയുടെ പിന്തുടര്‍ന്നുള്ള മൂന്ന് ജയങ്ങള്‍ ഈ സീസണിലാണ്. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തില്‍ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്. ടോസ് നേടിയ ബുംറ പഞ്ചാബിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ് (32 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 57), അസ്‌മത്തുള്ള ഒമര്‍സായ് (17 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 38) എന്നിവരുടെ ബാറ്റിങാണ് പഞ്ചാബിനെ 200 കടത്തിയത്‌്. പ്രഭ്‌സിമ്രന്‍, സൂര്യാംശ് ഷെഡ്‌ഗെ (എട്ട്), നായകന്‍ ശ്രേയസ് അയ്യര്‍ (നാല്), മാര്‍കോ യാന്‍സന്‍ (രണ്ട്) എന്നിവരെയാണു ഠാക്കൂര്‍ പുറത്താക്കിയത്. ദീപക് ചാഹാര്‍ രണ്ട് വിക്കറ്റും കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. നാല് ഓവറില്‍ 35 റണ്‍ വഴങ്ങിയ ബുംറയ്‌ക്കു വിക്കറ്റെടുക്കാനായില്ല. ഏഴ് ബൗളര്‍മാരാണു മുംബൈക്കായി പന്തെറിഞ്ഞത്. പ്രിയാംശ് ആര്യയും (17 പന്തില്‍ 22) പ്രഭ്‌സിമ്രനും ചേര്‍ന്ന് പഞ്ചാബിന് മികച്ച തുടക്കം നല്‍കി. ആര്യയെ പുറത്താക്കി ചാഹാറാണു കൂട്ടുകെട്ട് പൊളിച്ചത്.




