
ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റിന് 187 റണ്ണെടുത്തു. മറുപടി ബാറ്റ്‌് ചെയ്‌ത ലഖ്‌നൗ കളി തീരാന്‍ 20 പന്തുകള്‍ ശേഷിക്കേ ജയമറിഞ്ഞു.
ഏക്‌നയിലെ വാജ്‌പേയ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് സൂപ്പര്‍ കിങ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. 42 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറുമടക്കം 71 റണ്ണെടുത്ത കാര്‍ത്തിക് ശര്‍മയാണു ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ശിവം ദുബെയും (16 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 32) പ്രശാന്ത് വീറും (10 പന്തില്‍ 13) നടത്തിയ പോരാട്ടങ്ങളാണു സ്‌കോര്‍ 180 ലെത്തിച്ചത്. ഓപ്പണര്‍മാരായ സഞ്‌ജു സാംസണ്‍ (20 പന്തില്‍ 20), നായകന്‍ കൂടിയായ ഋതുരാജ് ഗെയ്‌ക്വാദ് (ഒന്‍പത് പന്തില്‍ 13) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നാം ഓവറില്‍ ഋതുരാജിനെ അരങ്ങേറ്റക്കാരന്‍ ആകാശ് സിങ് നികോളാസ് പൂരാന്റെ കൈയിലെത്തിച്ചു. വൈകാതെ സഞ്‌ജുവിനെ ആകാശ് മുകേഷ് ചൗധരിയുടെ കൈയിലുമെത്തിച്ചു. ഉര്‍വില്‍ പട്ടേലിനും (ഏഴ് പന്തില്‍ ആറ്) മികവ് തുടരാനായില്ല. ഉര്‍വിലിനെ ആകാശ് സിങ് മിച്ചല്‍ മാര്‍ഷിന്റെ കൈയിലെത്തിച്ചതോടെ സൂപ്പര്‍ കിങ്‌സ് പവര്‍പ്ലേ അവസാനിക്കുമ്പോഴേക്കും തളര്‍ന്നു. കാര്‍ത്തിക്കും ഡെവാള്‍സ് ബ്രെവിസും (16 പന്തില്‍ രണ്ട് സിക്‌സറടക്കം 25) ചേര്‍ന്നതോടെ ഇന്നിങ്‌സിനു വേഗമായി. നാലാം വിക്കറ്റ് കൂട്ടുകെട്ട് 33 പന്തില്‍ 50 കടന്നു. 35 പന്തിലാണു കാര്‍ത്തിക്ക് ശര്‍മ അര്‍ധ സെഞ്ചുറി കടന്നത്. ടീം സ്‌കോര്‍ 122 ലെത്തിയ ശേഷമാണു കൂട്ടുകെട്ട് തകര്‍ന്നത്‌്. ബ്രെവിസിനെ മുഹമ്മദ് ഷമിയുടെ പന്തില്‍ ആകാശ് സിങ് പിടികൂടി. അടുത്ത ഓവറില്‍ കാര്‍ത്തികിന്‍െ ഷാബാദ് അഹമ്മദും പുറത്താക്കി. ലഖ്‌നൗവിനായി ആകാശ് സിങ് മൂന്ന് വിക്കറ്റും ഷമിയും ഷാബാസ് അഹമ്മദും ഒരു വിക്കറ്റ് വീതവുമെടുത്തു.




