കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ പെണ്‍കുട്ടികളുടെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ കോഴിക്കോട് ആലപ്പുഴയെ നേരിടും.
ഒന്നാം സെമി ഫൈനലില്‍ കൊല്ലത്തെ (68-36) എന്ന സ്കോറിനു തോല്‍പ്പിച്ചാണു കോഴിക്കോട് ഫൈനലില്‍ കടന്നത്. പകുതി സമയത്ത് 27-14 ന് മുന്നിലായിരുന്ന കോഴിക്കോടിനായി അക്ഷര കെ. 31 പോയിന്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. അന്ന മറിയം രതീഷ് 14 പോയിന്റും നേടി. കൊല്ലത്തിനായി ബ്രീസ ബിനു 12 പോയിന്റും ജുവാന റോയ്, അപര്‍ണ എം.എസ്. എന്നിവര്‍ 10 പോയിന്റ് വീതവും നേടി.
രണ്ടാം സെമിയില്‍ ആലപ്പുഴ തിരുവനന്തപുരത്തെ 66-54 നു തോല്‍പ്പിച്ചു. സുഭദ്ര ജയകുമാര്‍ (17), അനീഷ ഷിബു (15) എന്നിവരാണ് ആലപ്പുഴയുടെ ജയം എളുപ്പമാക്കിയത്. തിരുവനന്തപുരത്തിനായി തേജസ്വിനി വി. 20 പോയിന്റും സാദിയ ഖാന് 15 പോയിന്റും നേടി.
വെള്ളിയാഴ്ച വൈകി നടന്ന ആണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ തൃശൂര്‍ പാലക്കാടിനെയും (38-13) ആലപ്പുഴ മലപ്പുറത്തിനെയും (71-51) തിരുവനന്തപുരം എറണാകുളത്തെയും (64-23) കോട്ടയം കണ്ണൂരിനെയും (87-37) തോല്‍പ്പിച്ചു.




