
ജയ്പുര്‍: രാജസ്ഥാന് റോയല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 229 റണ്ണെടുത്തു.
ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന് നായകന് യശസ്വി ജയ്സ്വാള്‍ ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായകന് കൂടിയായ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (44 പന്തില്‍ മൂന്ന് സിക്സറും ഒന്‍പത് ഫോറുമടക്കം 84), സഹ ഓപ്പണര്‍ സായ് സുദര്ശന് (36 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 55), വാഷിങ്ടണ്‍ സുന്ദര്‍ (20 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 37) എന്നിവരാണു ഗുജറാത്തിന്റെ റണ്‍ വേട്ടക്കാര്‍. സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും അടിച്ചുതകര്‍ത്തതോടെ ഗുജറാത്ത് പവര്‍പ്ലേയില്‍ തന്നെ മികച്ച സ്കോറിലെത്തി.
ആദ്യ ആറോവറില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 11-ാം ഓവറില്‍ സായ് സുദര്ശന് പുറത്തായി. 36 പന്തില്‍ നിന്ന് 55 റണ്‍സെടുത്താണ് താരം മടങ്ങിയത്. വണ്‍ ഡൗണായി ഇറങ്ങിയ ജോസ് ബട്ട്ലര്‍ 13 റണ്‍ മാത്രമെടുത്ത് ക്രീസ് വിട്ടു.
അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഗില്ലാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. വാഷിങ്ടണ്‍ സുന്ദറിനെ ഒരു വശത്ത് നിര്‍ത്തി ഗില്‍ തകര്‍ത്തടിച്ചു. അതോടെ 16 ഓവറില്‍ ഗുജറാത്ത് 179 റണ്‍സിലെത്തി. പിന്നാലെ ഗില്‍ മടങ്ങി. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ വാഷിങ്ടണ്‍ സുന്ദറും രാഹുല്‍ തെവാതിയയും (നാല് പന്തില്‍ രണ്ട് സിക്സറടക്കം 14) ചേര്‍ന്നാണ് ടീമിനെ 220 കടത്തിയത്. രാജസ്ഥാനായി ബ്രിജേഷ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.
റയാന് പരാഗിനു പരുക്കേറ്റതോടെയാണു യശസ്വി ജയ്സ്വാള്‍ രാജസ്ഥാന് നായകനായത്. ഷിംറോണ്‍ ഹിറ്റ്മീറാണു പരാഗിന്റെ അഭാവത്തില്‍ ടീമിലെത്തിയത്. പേസര്‍ നാന്ദ്രെ ബര്‍ഗറിനു പകരം ദാസുന്‍ ശനകയാണു കളിച്ചത്്. രവി ബിഷ്ണോയിക്കു പകരം യഷ് രാജ് പുഞ്ചയും കളിച്ചു. ഗുജറാത്ത് ടീമില്‍ മാറ്റങ്ങളുണ്ടായില്ല.




