ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ലിവര്‍പൂളും ചെല്‍സിയും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. 36 കളികളില്‍നിന്ന് 59 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്.
അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാന്‍ അവര്‍ക്ക് ഇനി ഒരു ജയം കൂടി വേണം. 49 പോയിന്റുള്ള ചെല്‍സിയുടെ യൂറോപ്യന്‍ പോരാട്ടങ്ങളിലേക്കുള്ള സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. 36 കളികളില്‍നിന്നു 49 പോയിന്റാണു ചെല്‍സിയുടെ നേട്ടം. അവര്‍ ഒന്‍പതാം സ്ഥാനത്തുമാണ്.
ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഗോള്‍ വീണു. റയാന് ഗ്രാവന്ബെര്ചിലൂടെ ലിവര്പൂളാണു മുന്നിലെത്തിയത്. കൗമാര താരം റിയോ എന്‍ഗുമോഹ നല്കിയ കൃത്യമായ പാസ് വലയിലെത്തിച്ചാണ് ഗ്രാവന്‍ബെര്‍ച് ആന്‍ഫീല്‍ഡിനെ ആവേശത്തിലാഴ്ത്തിയത്. 35-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെല്‍സിയുടെ കോള്‍ പാമര്‍ പന്ത് വലയിലാക്കിയെങ്കിലും വാര് പരിശോധനയില്‍ ഓഫ്സൈഡ് വിധിച്ചു. ലിവര്‍പൂളിന്റെയും ഒരു ഗോള്‍ ഓഫ്സൈഡ് ആയി. എട്ട് മിനിറ്റ് നീണ്ടു ഇഞ്ചുറി ടൈമിലും ഗോളുകള്‍ പിറന്നില്ല. മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സണ്ടര്‍ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി. സണ്ടര്‍ലന്‍ഡിന്റെ തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റിലായിരുന്നു മത്സരം. 36 കളികളില്‍നിന്ന് 65 പോയിന്റുള്ള യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. 48 പോയിന്റുള്ള സണ്ടര്‍ലന്‍ഡ് 12-ാം സ്ഥാനത്താണ്.
ബ്രൈറ്റണ് ആന്‍ഡ് ഹോവ് ആല്‍ബിയോണ്‍ 3-0 ത്തിന് വോള്‍വര്‍ഹാംപ്റ്റണ്‍ വാണ്ടറേഴ്സിനെ തോല്‍പ്പിച്ചു. ബ്രൈറ്റണിന്റെ തട്ടകമായ ദി അമേരിക്കന്‍ എക്സ്പ്രസ് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹിന്ഷെല്വുഡ്, ഡങ്ക്, മിന്റ്റിയ എന്നിവര്‍ ഗോളടിച്ചു. 53 പോയിന്റുള്ള ബ്രൈറ്റണ് ഏഴാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ ഉറപ്പായ വോള്‍വര്‍ 18 പോയിന്റുമായി 20-ാം സ്ഥാനത്താണ്.






