
ന്യൂഡൽഹി: സർക്കാർ ചടങ്ങുകളുടെ പ്രോട്ടോക്കോളിൽ തമിഴ്നാട് സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്തി'ന് പ്രഥമസ്ഥാനം നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഗാനങ്ങൾ ആലപിച്ച ക്രമത്തെ ചോദ്യം ചെയ്ത് അയച്ച കത്തിലാണ് വീരപാണ്ഡ്യൻ തന്റെ വിയോജിപ്പ് അറിയിച്ചത്.
ലോക്ഭവൻ നൽകിയ നിർദ്ദേശപ്രകാരം, തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ 'വന്ദേമാതരത്തിന്' മുൻഗണന നൽകുകയും തമിഴ് ഗാനത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തത് നിലവിലുള്ള കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ഈ വീഴ്ചയ്ക്ക് ഉത്തരവാദികൾ ആരാണെന്ന് തമിഴ്നാട് സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കണം. ടിവികെ തമിഴ് തായ് വാഴ്ത്തിന് തന്നെ പ്രഥമ പരിഗണന നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരമൊരു തെറ്റ് തുടരാൻ അനുവദിക്കരുത്. നാളെ എംഎ.എമാരുടെ സത്യപ്രതിജ്ഞയ്ക്കായി ചേരുന്ന നിയമസഭാ സമ്മേളനത്തിലും മറ്റെല്ലാ സർക്കാർ ചടങ്ങുകളിലും തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നുണ്ടെന്നും ദേശീയഗാനം അവസാനം ആലപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയും പ്രോടേം സ്പീക്കറും ഉറപ്പാക്കണം എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെടുന്നു.
ചടങ്ങ് ആരംഭിച്ചത് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചുകൊണ്ടായിരുന്നു, തുടർന്ന് ദേശീയഗാനമായ 'ജനഗണമന' ചൊല്ലി. 'തമിഴ് തായ് വാഴ്ത്ത്' മൂന്നാമതായാണ് ആലപിച്ചത്. ഔദ്യോഗിക ചടങ്ങുകൾ 'തമിഴ് തായ് വാഴ്ത്തോ'ടെ ആരംഭിക്കുകയും ദേശീയഗാനത്തോടെ അവസാനിക്കുകയും ചെയ്യുക എന്ന തമിഴ്നാട്ടിലെ ദീർഘകാലമായുള്ള കീഴ്വഴക്കത്തെ ഇത് ലംഘിച്ചുവെന്ന് സി.പി.ഐ നേതാവ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരമാണ് 'വന്ദേമാതരം' ആലപിച്ചത്. ദേശീയ ഗീതത്തിന്റെ 150-മത് വാർഷികം കേന്ദ്രം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
ഈ ആഴ്ച ആദ്യം, വന്ദേമാതരത്തെ ദേശീയഗാനത്തിന് തുല്യമായി പരിഗണിക്കുന്നതിനായി നിയമ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ ഭേദഗതി പ്രകാരം, ദേശീയഗാനത്തെയോ ദേശീയ പതാകയെയോ ഭരണഘടനയെയോ അവഹേളിച്ചാൽ ലഭിക്കുന്ന അതേ ശിക്ഷ വന്ദേമാതരത്തെ അവഹേളിച്ചാലും ലഭിക്കും.






