വാഷിങ്ടണ്‍: ഇറാന് യുദ്ധത്തിനായി ഇറാഖിലെ മരുഭൂമിയില്‍ ഇസ്രയേല്‍ സൈനിക താവളം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആ താവളം സജ്ജീകരിച്ചത്. ഇസ്രയേല്‍ നീക്കത്തെക്കുറിച്ച് യു.എസിന് അറിയുമായിരുന്നു.
പക്ഷേ, അക്കാര്യം ഇറാഖിനെ അറിയിച്ചില്ല. ഇറാഖിന്റെ സഖ്യകക്ഷിയാണ് യു.എസ്. മാര്‍ച്ച് ആദ്യവാരമാണു സൈനികത്താവളത്തെക്കുറിച്ച് ഇറാഖിനു സൂചന ലഭിച്ചത്. ഇടയന്മാരാണ് മേഖലയിലൂടെ ഹെലികോപ്റ്ററുകള്‍ താഴ്ന്നു പറക്കുന്നത് ആദ്യമായി ശ്രദ്ധിച്ചത്. തുടര്‍ന്നു പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. അപ്പോഴാണു സൈനികത്താവളത്തെക്കുറിച്ച് ഇറാഖ് ഭരണാധികാരികള്‍ അറിയുന്നത്.
ആ താവളത്തില്‍ ഇസ്രയേലിന്റെ പ്രത്യേക സൈനികരുണ്ടായിരുന്നു. ഇറാനില്‍ ഇസ്രയേലി പൈലറ്റുമാരെ വെടിവച്ചിടുകയാണെങ്കില് പെട്ടെന്ന് പ്രതികരിക്കാന്‍ തയാറായി തിരച്ചില്‍രക്ഷാ സംഘങ്ങളെയും അവിടെ വിന്യസിച്ചിരുന്നു.
ഇസ്രയേലില്‍നിന്ന് ഏകദേശം 1600 കിലോമീറ്റര്‍ അകലെയാണ് ഇറാന് സ്ഥിതി ചെയ്യുന്നത്. ഇറാഖില്‍ താവളം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഇസ്രയേലിന് വേഗത്തില്‍ പ്രതികരിക്കാനും അവസരം ലഭിച്ചു. ഇറാഖില്‍നിന്നുള്ള ആക്രമണം ഇറാനും പ്രതീക്ഷിച്ചില്ല. സംഭവം അറിഞ്ഞ് ഇറാഖ് സേനയെത്തിയപ്പോള്‍ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഇറാഖ് രണ്ട് യൂണിറ്റുകളെക്കൂടി ആ പ്രദേശം കണ്ടെത്താനായി അയച്ചു. അവര്‍ അവിടെ സൈനിക താവളം ഉണ്ടായിരുന്നതായി സ്ഥിരീകരിക്കുന്ന തെളിവുകളോടെ തിരിച്ചെത്തി.
അതോടെ പ്രതിഷേധവുമായി ഇറാഖ് രംഗത്തെത്തി. അനുമതിയില്ലാതെയാണ് താവളം ഉണ്ടാക്കിയതെന്ന് ഇറാഖ് ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ ഖൈസ് അല്മുഹമ്മദവി പ്രതികരിച്ചു.
ഐക്യരാഷ്ട്രസഭയില്‍ ഇറാഖ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. കൈയേറ്റത്തിന്റെ ഉത്തരവാദിത്വം അമേരിക്കയ്ക്കാണെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍, ആരോപണം അമേരിക്ക നിഷേധിച്ചു. വിശാലവും ജനവാസമില്ലാത്തതുമായ പടിഞ്ഞാറന്‍ ഇറാഖി മരുഭൂമി രഹസ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്.
1991 ലും 2003 ലും സദ്ദാം ഹുസൈനെതിരായ പ്രവര്‍ത്തനങ്ങളുടെ സമയത്തും അമേരിക്കന്‍ സൈന്യം ഈ പ്രദേശം ഉപയോഗിച്ചിരുന്നു.


