ദോഹ: ഇറാന്-യു.എസ്, ഇസ്രയേല്‍ യുദ്ധത്തില്‍ പ്രഖ്യാപിക്കപ്പെട്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ ലംഘിച്ച് ഗള്‍ഫ് മേഖലയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍.
ഇന്നലെ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ ചരക്ക് കപ്പലിനുനേരേ ഡ്രോണ്‍ ആക്രമണമുണ്ടായി. അബുദാബിയില്‍നിന്ന് വരികയായിരുന്ന കപ്പലിനു നേരേ ഖത്തറിലെ മിസൈദ് തുറമുഖത്തിന് വടക്കുകിഴക്ക് ഭാഗത്തുവച്ചാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ഇതേത്തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയ ശേഷം കപ്പല്‍ യാത്ര തുടര്‍ന്നതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലും ഇന്നലെ പുലര്‍ച്ചെയോടെ േ്രഡാണ്‍ ആക്രമണമുണ്ടായി. നിരവധി ഡ്രോണുകള്‍ പ്രതിരോധസംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനില്‍നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ തങ്ങള്‍ വിജയകരമായി വെടിവച്ചിട്ടതായി യു.എ.ഇ.അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന് ആക്രമണം നടത്തിയെന്ന് യു.എ.ഇ. ആരോപിച്ചിരുന്നുവെങ്കിലും ഇറാന് ഇത് നിഷേധിച്ചിരുന്നു. അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ഇറാനിയന്‍ എണ്ണക്കപ്പലുകള്ക്കുനേരേയുള്ള ആക്രമണവുമാണ് നിലവിലെ സംഘര്‍ഷത്തിനു കാരണം. ഇറാനിയന്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരേ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്കി. തങ്ങളുടെ ക്ഷമ നശിച്ചെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന് പാര്‍ലമെന്ററി സമിതി വക്താവ് ഇബ്രാഹിം റെസായി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച 14 ഇന നിര്‍ദേശങ്ങളില്‍ ഇറാന് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. തടഞ്ഞുവച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുന്നതും യുദ്ധനഷ്ടപരിഹാരവുമാണ് പ്രധാന തര്‍ക്കവിഷയങ്ങള്‍. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് അല്‍താനി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയുമായും ഇറാന് വിദേശകാര്യ മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഹോര്‍മുസ് കടലിടുക്ക് സമ്മര്‍ദ തന്ത്രമായി ഉപയോഗിക്കുന്നത് പ്രതിസന്ധി വര്ധിപ്പിക്കുകയേയുള്ളൂവെന്ന് ഖത്തര്‍ ഇറാനെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എന്നത് കീഴടങ്ങലല്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന് വ്യക്തമാക്കി. പാകിസ്താന് വഴിയാണ് ഇറാന് തങ്ങളുടെ മറുപടി അമേരിക്കയ്ക്കു കൈമാറിയിരിക്കുന്നത്.
ഷഫീക്ക് അറയ്ക്കല്‍


