ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായില്‍ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 2 വില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ റീകര്‍വ് ടീമിനാണു സ്വര്‍ണം. ആതിഥേയരായ ചൈനയെ ഷൂട്ട്- ഓഫില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.
ദീപികാ കുമാരി, അങ്കിത ഭഗത്, കുംകും മോഹോദ് എന്നിവരടങ്ങിയ ടീമാണു മത്സരിച്ചത്. നാലാം സീഡുകാരായ ഇന്ത്യന്‍ ടീം രണ്ടാം സീഡുകാരായ ഷു ജിംഗി, ഹുവാങ് യുവേയ്, യു ക്വി എന്നിവരടങ്ങിയ ചൈനീസ് ടീമിനെതിരേ നാല് സെറ്റുകള്‍ക്ക് ശേഷം 4-4 എന്ന നിലയിലായിരുന്നു.
തുടര്‍ന്നു നടന്ന ഷൂട്ട് -ഓഫില്‍ 28-26 എന്ന സ്കോറിനാണ് ഇന്ത്യ ജയം ഉറപ്പിച്ചത്. പാരീസ് ഒളിമ്പിക്സിലെ നാലാം സ്ഥാനക്കാരിയായ അങ്കിത ഭഗത് ഒന്‍പത് പോയിന്റോടെ ഷൂട്ട് -ഓഫ് തുടങ്ങി. കുംകും 10 പോയിന്റ് നേടി. ജയിക്കാന്‍ എട്ട് പോയിന്റ് വേണ്ടി സാഹചര്യത്തില്‍ ദീപിക ഒന്‍പതിലെത്തി. ദീപികയുടെ 39-ാമത്തെയും അങ്കിതയുടെ എട്ടാമത്തെയും കുംകുമിന്റെ ആദ്യത്തെയും ലോകകപ്പ് മെഡലാണിത്. സെമി ഫൈനലില്‍ പത്ത് തവണ ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 5-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഷാങ്ഹായ് ലോകകപ്പില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ നേടി. ശനിയാഴ്ച നടന്ന പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഇനത്തില്‍ സാഹില്‍ ജാദവ് വെങ്കലം നേടി. വനിതകളുടെ വെങ്കല പോരാട്ടത്തില്‍ സിമ്രന്‍ജീത് കൗര്‍ ദക്ഷിണ കൊറിയയുടെ ജാങ് മിന്ഹിയോട് 6-4 ന് പരാജയപ്പെട്ടു. റികര്‍വ് വ്യക്തിഗത വിഭാഗത്തില്‍ സെമി ഫൈനലിലെത്തിയ ഏക ഇന്ത്യന്‍ താരം സിമ്രന്ജീതായിരുന്നു. സെമിയില്‍ ലോക ചാമ്പ്യന്‍ കാങ് ചേയോങ്ങിനോട് 6-0 ത്തിനാണു തോറ്റത്. പ്രീ-ക്വാര്‍ട്ടറില്‍ വെറ്ററന്‍ താരം ദീപിക കുമാരിയെയും കാങ് ചേയോങ്ങ് തോല്‍പ്പിച്ചിരുന്നു. യോഗ്യതാ റൗണ്ടില്‍ അങ്കിത പത്താം സ്ഥാനത്തും കുംകും 11-ാം സ്ഥാനത്തും ദീപിക 14-ാം സ്ഥാനത്തുമെത്തിയപ്പോള്‍ സിമ്രന്‍ജീത് 15-മതായി. വ്യക്തിഗത ഇനത്തില്‍ കുംകും പ്രീ-ക്വാര്‍ട്ടറിലും അങ്കിത രണ്ടാം റൗണ്ടിലും പുറത്തായി. 2021 നു ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയത്. ദീപിക കുമാരിക്ക് ഏഴ് ലോകകപ്പ് മെഡലുകള്‍ സ്വന്തമാണ്.



