ചെന്നൈ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ച് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ എട്ട് വിക്കറ്റിന് 203 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് കളി തീരാന്‍ നാല് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഉര്‍വില്‍ പട്ടേലിന്റെ വെടിക്കെട്ടാണ് (23 പന്തില്‍ എട്ട് സിക്സറും രണ്ട് ഫോറുമടക്കം 65) സൂപ്പര്‍ കിങ്സിന്റെ ജയത്തിന്റെ അടിത്തറ. 11 കളികളില്നിന്ന 12 പോയിന്റ് നേടിയ സൂപ്പര്‍ കിങ്സ് അഞ്ചാം സ്ഥാനത്തേക്കെത്തി. അത്രയും കളികളില്‍ ആറ് പോയിന്റ് മാത്രമുള്ള ലഖ്നൗ ഏറ്റവും പിന്നില്‍ പത്താം സ്ഥാനത്താണ്. അവര്‍ ഇതുവരെ എട്ട് തോല്‍വികള്‍ നേരിട്ടു. സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് നായകന് ഋതുരാജ് ഗെയ്ക്വാദ് ലഖ്നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
ഓപ്പണര്‍ ജോഷ് ഇംഗ്ലിഷിന്റെ (33 പന്തില്‍ ആറ് സിക്സറും 10 ഫോറുമടക്കം 85) വെടിക്കെട്ടാണ് ലഖ്നൗവിനെ 200 കടത്തിയത്്്. ഷാബാസ് അഹമ്മദ് 25 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 43 റണ്ണെടുത്തതും ലഖ്നൗവിനു തുണയായി. മിച്ചല്‍ മാര്‍ഷ് (10 പന്തില്‍ 10), നികോളാസ് പൂരാന് (ഒന്ന്), നായകന് ഋഷഭ് പന്ത് (12 പന്തില്‍ 15), എയ്ദീന് മാര്‍ക്രം (ആറ്) തുടങ്ങിയവര്‍ പതറിയെങ്കിലും ജോഷ് ഇംഗ്ലിഷിന്റെയും ഷാബാസിന്റെയും പ്രകടനം ടീമിനു തുണയായി. സൂപ്പര്‍ കിങ്സിനായി ജാമി ഓവര്ടണ് നാല് ഓവറില്‍ 36 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അന്ശുല് കാംബോജ് രണ്ട് വിക്കറ്റും നൂര്‍ അഹമ്മദ് ഒരു വിക്കറ്റുമെടുത്തു. സൂപ്പര്‍ കിങ്സിനായി ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് (14 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 28), നായകന് ഋതുരാജ് ഗെയ്ക്വാദ് (28 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 42) എന്നിവര്‍ മികച്ച പോരാട്ടം പുറത്തെടുത്തു. ഉര്‍വിലിന്റെ പ്രകടനമാണു ചെന്നൈയുടെ കൈയില്‍നിന്നു വഴുതിയ മത്സരത്തെ തിരിച്ചു കൊണ്ടു വന്നത്. 13 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ചു റെക്കോഡിടാന്‍ ഉര്‍വിലിനായി. ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന യശസ്വി ജയ്സ്വാളിന്റെ റെക്കോഡിനൊപ്പമെത്താനും ഉര്‍വിലിനായി. 2023 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയാണ് യശസ്വി ജയ്സ്വാള്‍ 13 പന്തില്‍ 50 റണ്ണെടുത്തത്. ഷാബാസ് ഉര്‍വിലിനെ ആവേശ് ഖാന്റെ കൈയിലെത്തിച്ചതോടെ ചെന്നൈ നിരയില്‍ ആശങ്കയായി. കാര്‍ത്തിക് ശര്‍മ (20 പന്തില്‍ 20), ഡെവാള്‍ഡ് ബ്രെവിസ് (12 പന്തില്‍ 10) എന്നിവരും പുറത്തായതു ലഖ്നൗ വിനു ജയ സാധ്യതയായി. ശിവം ദുബെ (ഏഴ് പന്തില്‍ രണ്ട് സിക്സറടക്കം 15), പ്രശാന്ത് വീര്‍ (12 പന്തില്‍ രണ്ട് സിക്സറടക്കം 17) എന്നിവര്‍ ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ചെന്നൈയെ ജയത്തിലെത്തിച്ചു. ഉര്‍വില്‍ പട്ടേല്‍ നേരിട്ട ആദ്യ പത്തു പന്തുകളില്‍ 42 റണ്ണാണ് അടിച്ചെടുത്തത്. ആദ്യ എട്ടു പന്തികളില്‍ ആറും സിക്സര്‍, ഒരു ഫോറും. 27 വയസുകാരനായ ഉര്‍വിലിന്റെ
അര്‍ധ സെഞ്ചുറിക്കു ശേഷമുള്ള ആഘോഷവും ശ്രദ്ധ നേടി. കൈകള്‍ കൂപ്പി പ്രാര്‍ഥിച്ച താരം, ജഴ്സിയുടെ പോക്കറ്റില്‍നിന്ന് '' 'ഇത് പിതാവിനു വേണ്ടിയുള്ളതാണ് '' എന്നെഴുതിയ പേപ്പര്‍ കഷ്ണം പുറത്തെടുത്തു. പിന്നാലെ ആകാശത്തേക്കു നോക്കി കൈകൂപ്പി പ്രാര്‍ഥിച്ചു.




