കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തുടര്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ 3-1 നാണു ജയിച്ചത്.
ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമാണ് അവര്‍ മൂന്ന് ഗോളുകളും അടിച്ചു കയറ്റിയത്. നെഹ്റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. സീസണില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ അഞ്ചാം മത്സരവും. മഹിതോഷ് റോയിയുടെ ലോങ് റേഞ്ച് ഗോളിലൂടെ മുന്നിലെത്തിയ ബ്ലാക്ക് പാന്തേഴ്സിനെ, തൊട്ടുപിന്നാലെ ഫ്രാങ്കുവിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ വിക്ടര്‍ ബെര്ത്തോമിയുവും ശ്രീക്കുട്ടനും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്്സിന് തുടര്‍ ജയം ഉറപ്പാക്കിയത്. രണ്ട് അസിസ്റ്റുകളുമായി കെവിന് യോക്കും തിളങ്ങി.
12 കളികളില്‍നിന്നു 14 പോയിന്റുമായി ആഷ്ലി വെസ്റ്റ്വുഡിന്റെ ശിഷ്യന്മാര് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതുവരെ ജയിക്കാത്ത മുഹമ്മദന്‍ അവസാന സ്ഥാനത്ത് തുടര്‍ന്നു. 11 കളികളില്‍നിന്നു മൂന്ന് പോയിന്റാണ് അവരുടെ നേട്ടം. 17 ന് ഗോവ എഫ്.സിക്കെതിരേ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന ലീഗ് മത്സരം. മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ആധിപത്യം കാട്ടിയ ബ്ലാസ്റ്റേഴ്സ് ആറാം മിനിറ്റില്‍ തന്നെ മുന്നിലെത്തുമെന്ന് തോന്നിച്ചു. ബോക്സിന് പുറത്ത് നിന്ന് ഫ്രാഞ്ചു തൊടുത്ത ഉഗ്രന്‍ ഷോട്ട് മുഹമ്മദന്‍സ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. 17-ാം മിനിറ്റിലും ഛേത്രിയുടെ കൈകള്‍ ബ്ലാസേ്റ്റഴ്സിനെ മുന്നിലെത്തുന്നത് തടഞ്ഞു. 26-ാം മിനിറ്റില്‍ നിഹാല്‍ സുധീഷിന്റെ മിന്നല്‍ ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തേക്ക്. 42-ാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ മുഹമ്മദന്‍സ് ആതിഥേയരെ ഞെട്ടിച്ചു. മധ്യഭാഗത്ത് പന്ത് പാസ് ചെയ്യുന്നതില്‍ കെവിന് യോക്കിന് പിഴച്ചു. പാഞ്ഞെത്തിയ മഹിതോഷ് റോയ് പന്ത് നിയന്ത്രണത്തിലാക്കി ബോക്സിലേക്ക് കുതിച്ചു. വെടിയുണ്ടകണക്കെയുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി വലയില്‍. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ മറുപടി ഗോളെത്തി. മധ്യഭാഗത്ത്നിന്നു ലഭിച്ച പന്തുമായി കെവിന് യോക്ക് മുഹമ്മദന്‍സ് ബോക്സില്‍, പാസ് ലഭിച്ച ഫ്രാഞ്ചു വലംകാല് ഷോട്ടിലൂടെ പന്ത് കൃത്യം വലയിലാക്കി. 59-ാം മിനിറ്റില്‍ വിക്ടര്‍ ബെര്ത്തോമിയുവിലൂടെ ബ്ലാസേ്റ്റഴ്സ് ലീഡ് നേടി, ബോക്സില്‍ നിന്നുള്ള കെവിന്റെ ക്രോസിലെ ഹെഡര്‍ ലക്ഷ്യം തെറ്റിയില്ല. 74-ാം മിനിറ്റില്‍ മലയാളി താരം ശ്രീക്കുട്ടനിലൂടെ വീണ്ടും ലീഡുയര്‍ത്തി. ബോക്സില്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഫ്രാഞ്ചു നല്കിയ പന്തില്‍ ശ്രീക്കുട്ടന് ഉയര്‍ന്നുചാടി വലംകാല് ഷോട്ടുതിര്‍ത്തു, വലയുടെ വലതുമൂലയില്‍ പന്തിന്റെ വിശ്രമം. തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്കിടെ അമര്‍ജിത് സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുഹമ്മദനു തിരിച്ചടിയായി.
നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് 4-1 നു ചെന്നൈയിന് എഫ്.സിതെ തോല്‍പ്പിച്ചു. ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനായി ജയ്റോ സാംപെരിയോ ഇരട്ട ഗോളുകളടിച്ചു. ലാല്ബിയാ വാന്വുങ ഒരു ഗോളുമടിച്ചു. ലാല്ദിനിയ റെങ്തെയുടെ സെല്‍ഫ് ഗോളും നോര്‍ത്ത്ഈസ്റ്റ് അക്കൗണ്ടിലെത്തി. ചെന്നൈയിനായി ലാല്ദിനിയ റെങ്തെയാണു ഗോളടിച്ചത്്. 12 കളികളില്‍നിന്നു 13 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്. ഒന്‍പത് പോയിന്റുള്ള ചെന്നൈയിന് 13-ാം സ്ഥാനത്താണ്്.



