
കൊച്ചി: ഇടതുമുന്നണിക്കു ഭരണം നഷ്ടപ്പെടാന്‍ കാരണം ശബരിമല ശാസ്താവിന്റെ ശാപമാണെന്നു കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സ്വര്‍ണം കവര്ന്നവരോടൊപ്പം ഇനി മുന്നണിയില്‍ തുടര്ന്നിട്ടു കാര്യമില്ലെന്നും മറ്റൊരു മുന്നണിയില്‍ ചേരുകയാണു പാര്‍ട്ടിയുടെ നിലനില്പിനു നല്ലതെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. കൊല്ലം ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അംഗമാണു ഈ വിലയിരുത്തല്‍ നടത്തിയത്.
എന്‍.ഡി.എയിലേക്കു പോകണമെന്നും സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം ആവശ്യമുന്നയിച്ചു. യു.ഡി.എഫ്. അല്ലാതെ മറ്റൊരു മുന്നണിയിലേക്കു പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നു കൊല്ലം ജില്ലാ കമ്മിറ്റിയില്നിന്നാണു നിര്‍ദേശം വന്നത്. മലബാര്‍ മേഖലയില്‍നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍, 2029 ല്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷ നല്‍കിയാണു പാര്‍ട്ടി നേതൃത്വം അംഗങ്ങളുടെ മുന്നണിമാറ്റ മോഹങ്ങള്‍ക്കു തടയിട്ടത്. 'ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി. നയപ്രകാരം കേന്ദ്ര സര്‍ക്കാര്‍ വൈകാതെ പുതിയ നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലങ്ങളില്‍ സജീവമായി തുടരേണ്ടതുണ്ട്.
കോണ്‍ഗ്രസിലെ തമ്മിലടി കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടില്ലെന്നും എല്‍.ഡി.എഫ്. തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയാണു കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം അണികളോടു പങ്കുവച്ചത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടു പോകാനാണു പാര്‍ട്ടി തീരുമാനം. ഇടതു സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കാനായില്ല. തദ്ദേശതെരഞ്ഞെടുപ്പിനു ശേഷമാണു കൂടുതല്‍ പദ്ധതികളും നടപ്പാക്കിയത്. വികസനം ഫ്ളക്സില്‍ ഒതുങ്ങി. ഇതു നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുമില്ല.
പാര്‍ട്ടി സ്ഥാനാര്‍ഥികളെല്ലാം 10,000 താഴെ വോട്ടിനാണു തോറ്റത്. കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറഞ്ഞിട്ടില്ല. സി.പി.എം. അണികളുടെ ക്രോസ് വോട്ടിങ്ങാണു മന്ത്രി വി.എന്‍. വാസവന് ഉള്‍പ്പെടെ വലിയ മാര്‍ജിനില്‍ തോല്ക്കാന് കാരണം. ഈമാസം 26 നകം എല്ലാ നിയോജക മണ്ഡലം കമ്മിറ്റികളും യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകനം നടത്തും. തുടര്‍ന്ന് ജില്ലാ തലത്തില്‍ ക്യാമ്പുകള്‍ നടത്തി അവലോകനം. ഓഗസ്റ്റില്‍ ചരല്ക്കുന്നില്വച്ചു സംസ്ഥാന ക്യാമ്പ് നടത്താനും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.
കഴിഞ്ഞ ഒമ്പതിനാണു സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ പിണറായി വിജയനും സി.പി.എമ്മിനും എല്‍.ഡി.എഫ് നേതാക്കള്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. തോല്‍വിയുടെ കാരണം പിണറായി വിജയനാണെന്നാണു നേതാക്കള്‍ പറഞ്ഞത്. ഇനിയും പിണറായി വിജയന് തന്നെ നയിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ബംഗാളിനു സമാനമായ അവസ്ഥയിലേക്ക് പോകുമെന്ന സി.പി.ഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതു നല്ലതാകുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.






