
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആമ്രകണം. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഒമാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയിലെ ഹോര്‍മുസിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിച്ച 'മൊംബാസ', 'ബാഹിയ' എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍ 'മൊംബാസ' കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരനാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ എട്ടുപേരില്‍ ആറുപേര്‍ ഇന്ത്യക്കാരും ബാക്കി രണ്ടുപേര്‍ ഉക്രൈന്‍ പൗരന്മാരുമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ഇരു കപ്പലുകളിലും പെട്ടെന്ന് തീപിടിത്തമുണ്ടായെങ്കിലും നാവികസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീയണക്കാന്‍ സാധിച്ചു. എങ്കിലും കപ്പലുകള്‍ക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇറാനുമേലുള്ള കടുത്ത നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. നേരത്തെ ഹോര്‍മുസിലും ഇറാനിയന്‍ ദ്വീപുകളിലും യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനു കനത്ത നാശനഷ്ടമുണ്ടായിരുന്നു.
യുഎസ് നടപടിക്ക് മറുപടിയായി ഒരു യുഎസ് പടക്കപ്പലിന് നേരെയും ഇറാന്‍ സൈനിക തിരിച്ചടി നടത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകള്‍ മേഖലയിലെ എണ്ണക്കപ്പലുകളുടെ സുരക്ഷ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാര പാതയായ ഇവിടെ നിലവിലെ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.






