കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിനെ ഉലയ്ക്കുന്ന മുഖ്യമന്ത്രി തര്‍ക്കത്തില്‍ നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചതു തീരുമാനം 'മുകളില്‍' നിന്നല്ലെന്നു അണികളെ ബോധ്യപ്പെടുത്താന്‍. വിഷയത്തില്‍ തന്റെ ഇടപെടലില്ലെന്നു നേതാക്കളെ അറിയിക്കാനും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു. കെ.പി.സി.സി. അധ്യക്ഷനും മുന്‍ അധ്യക്ഷരും ഹൈക്കമാന്‍ഡും ചേര്‍ന്നു കൂട്ടായെടുത്ത തീരുമാനമെന്ന നിലയില്‍ ഇന്നോ നാളെയോ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകും. സോണിയാ ഗാന്ധിയെ ഈ വിഷയത്തില്‍ ഇടപെടുവിക്കുന്നുമില്ല.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം എ.ഐ.സി.സി. അധ്യക്ഷന്റെ മുന്നില്‍ സമ്മേളിച്ചു നേതാവിനെ തെരഞ്ഞെടുത്തെന്ന നിലയ്ക്കാകണം പ്രഖ്യാപനമെന്നാണു ഹൈക്കമാഡിന്റെ താല്പര്യം. മുഖ്യമന്ത്രിയെ അടിച്ചേല്‍പ്പിച്ചെന്ന ചിന്ത അണികള്‍ക്കിടയിലും പൊതുസമൂഹത്തിലുമുണ്ടാകാന് പാടില്ല.
നേതാക്കളുമായി ഇന്നു നടക്കുന്ന ചര്‍ച്ചയിലും നിലവിലുള്ള സാഹചര്യത്തില്‍ മാറ്റം വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നിയമസഭാകക്ഷിയില്‍ കെ.സി. വേണുഗോപാലിനാണു ഭൂരിപക്ഷം. കെ.പി.സി.സി. വര്‍ക്കിങ് പ്രസിന്റുമാരും അദ്ദേഹത്തിനൊപ്പമാണ്. എന്നാല്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുന്ന പക്ഷം അതിന്റെ ഉത്തരവാദിത്വം എല്ലാവര്ക്കുമായിരിക്കുമെന്ന സൂചന കൂടിയാണു കേന്ദ്രനേതൃത്വം നല്‍കുന്നത്.
നേതാക്കളുടെയെല്ലാം അഭിപ്രായവും പാര്‍ട്ടിയുടെ പൊതുഅഭിപ്രായവും മനസിലാക്കിയ ശേഷം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും ചേര്‍ന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണു നീക്കം. ആര്‍ക്കും പരാതിയില്ലാത്ത വിധം സമവായത്തിലെത്താനാണു ഹൈക്കമാന്‍ഡ് ശ്രമം. മൂന്നു നേതാക്കളും തങ്ങളുടെ അവകാശവാദങ്ങളില്‍ നിന്ന് ഒട്ടുംപിന്നോട്ടു പോയിട്ടില്ല. ഹൈക്കമാന്‍ഡ് ഒരു സര്‍ൈപ്രസ് കരുതിവച്ചിട്ടുണ്ടോ എന്നതും അണികള്‍ക്കിടയില്‍ ചര്‍ച്ചയാണ്.
കെ. സുധാകരന്, കെ. മുരളീധരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കു പോകാനില്ലെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായം ഫോണ്‍വഴി അറിയിക്കും.
ജെബി പോള്‍






