അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോക്കൗട്ട് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞദിവസം നടന്ന കളിയില്‍ കരുത്തരായ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ 82 റണ്ണിനു മറികടന്നപ്പോള്‍ ശുഭ്മന്‍ ഗില്ലും സംഘവും കുറിച്ചത് തുടര്‍ച്ചയായ അഞ്ചാം ജയം. ഇതോടെ 12 കളിയില്‍ 16 പോയിന്റുമായി ജി.ടി. നോക്കൗട്ട് ഉറപ്പിച്ചു.
ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ്ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 168 റണ്ണടിച്ചു. രണ്ടുവിക്കറ്റിന് 26 റണ്ണെന്ന നിലയില്‍ പതറിയെങ്കിലും ഓപ്പണര്‍ സായ് സുദര്ശന് (44 പന്തില്‍ 61), വാഷിങ്ടണ്‍ സുന്ദര്‍ (33 പന്തില്‍ 50), നിഷാന്ത് സിന്ധു (14 പന്തില്‍ 22) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഗുജറാത്തിനെ 168 റണ്ണിലെത്തിച്ചത്.
ട്രാവിസ് ഹെഡിനെ നാലാം പന്തില്‍ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജ് ഗുജറാത്തിന്റെ വിക്കറ്റ്വേട്ടയ്ക്കു തുടക്കമിട്ടു. അഭിഷേക് ശര്‍മ (ആറ്)യുടെ കുറ്റിപിഴുത കഗീസോ റബാഡ പോക്കറ്റ് ഡൈനാമോ ഇഷാന് കിഷനെ (11)യും രവിചന്ദ്രന്‍ സ്മരണി(ഒന്‍പത്)നെയും മടക്കി മുന്‍നിരയെ തകര്‍ത്തു. ഹെന്‍ട്രിക് ക്ലാസനെ (14)യും നിതീഷ് കുമാര്‍ റെഡ്ഡി (രണ്ട്)യെയും ജെയ്സണ്‍ ഹോള്‍ഡര്‍ കൂടാരം കയറ്റി. സലില്‍ അറോറ (16), ടോപ് സ്കോറര്‍ പാറ്റ് കമ്മിന്‍സ്(19) എന്നിവര്‍ പ്രസിദ്ധ് കൃഷ്ണയുടെ ഇരകളായി. ശിവാങ് കുമാറിനെ ഹോള്‍ഡറും പ്രഫുല്‍ ഹിന്‍ഗെയെ റാഷിദ് ഖാനും മടക്കിയപ്പോള്‍ ഹൈദരാബാദ് 86 റണ്ണിനു ബാറ്റ്താഴ്ത്തി.
കളിയിലെ കേമനായ റബാഡ മൂന്നുവിക്കറ്റ് പിഴുതപ്പോള്‍ ജാസണ്‍ ഹോള്‍ഡറും മൂന്നുവിക്കറ്റിന് അവകാശിയായി. റണ്‍ അടിസ്ഥാനത്തിലുളള തങ്ങളുടെ ഏറ്റവും വലിയ ജയമാണ് ഗുജറാത്ത് കുറിച്ചത്. രാജസ്ഥാനെതിരേ നേടിയ 77 റണ്‍ മാര്‍ജിന്‍ 82 റണ്ണായി തിരുത്തി. ഗുജറാത്തിനായി ഒരുമത്സരത്തില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന ഖ്യാതി വൃദ്ധിമാന്‍ സാഹ (നാല്)യില്നിന്ന് ജോസ് ബട്ലറു (അഞ്ച്)ടെ പേരിലാകുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.



