ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ടെസ്റ്റ് ക്രിക്കറ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. 879 റേറ്റിങ് പോയിന്റുള്ള ബുംറയ്ക്കു പിന്നില്‍ 838 പോയിന്റുമായി ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണു രണ്ടാമന്.
ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്‍ട്രി (836), ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (832) എന്നിരാണു മൂന്നും നാലും സ്ഥാനത്ത്. രണ്ടുമുതല്‍ നാലുവരെ സ്ഥാനക്കാര്‍ പുതിയ റാങ്കിങ്ങില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി.
മൂന്നു സ്ഥാനം താഴേക്കിറങ്ങിയ പാകിസ്താന്റെ നൊമാന്‍ അലിയാണ് അഞ്ചാം റാങ്കില്‍. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്സണ് ഒരു സ്ഥാനം കയറി ആറാമതെത്തി. സ്കോട്ട് ബോളണ്ട് (820), കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക), ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലയണ്‍ (ഇരുവരും ഓസ്ട്രേലിയ) എന്നിവരാണ് ഏഴുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
മുഹമ്മദ് സിറാജ് (12), രവീന്ദ്ര ജഡേജ (14), കുല്‍ദീപ് യാദവ് (15) എന്നീ ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ഇരുപതിനുള്ളിലുണ്ട്.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ടെസ്റ്റ് ബാറ്റര്‍മാരില്‍ എട്ടാമതുള്ള യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മുന്നില്‍. ഒരുസ്ഥാനം മെച്ചപ്പെടുത്തി ഒന്‍പതിലേക്കു കയറിയ ശുഭ്മന്‍ ഗില്‍ ഒന്‍പതാമതുണ്ട്. 14-ാം റാങ്കുകാരനായ ഋഷഭ് പന്താണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കു പിന്നില്‍ ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണാണ് അഞ്ചാം റാങ്കില്‍.
പുരുഷന്മാരില് ഏകദിനത്തിലും ട്വന്റി-20യിലും ഇന്ത്യ ഒന്നാം സ്ഥാനം നിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാമതാണ് ടീം. ടെസ്റ്റില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി (രണ്ട്), രോഹിത് ശര്‍മ (നാല്), ശുഭ്മന്‍ ഗില്‍ (അഞ്ച്), കെ.എല്‍. രാഹുല്‍ (ഒന്‍പത്) എന്നിവര്‍ ആദ്യപത്തിലുണ്ട്.
ട്വന്റി-20 ബാറ്റര്‍മാരില്‍ ഇന്ത്യയുടെ അഭിഷേക് ശര്‍മയും ഇഷാന് കിഷനും ആദ്യ രണ്ടു സ്ഥാനം നിലനിര്‍ത്തി. തിലക് വര്‍മ ആറാമതും സൂര്യകുമാര്‍ യാദവ് ഏഴാമതുമാണ്. മലയാളിതാരം സഞ്ജു സാംസണ് 20-ാം റാങ്കുകാരനാണ്.



